സിദ്ധാർഥന്റെ മരണം: സി.ബി.ഐ അന്വേഷണ വിജ്ഞാപനം ഉടൻ ഇറക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം
|അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടൻ ഇറക്കണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ഓർമപ്പെടുത്തി. രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്ന് സിംഗിൾ ബെഞ്ച് സർക്കാറിനോട് ചോദിച്ചു.
സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് അച്ഛൻ ജയപ്രകാശ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അന്വേഷണം സി.ബി.ഐക്ക് വിട്ട് കേന്ദ്രം ഉടൻ വിജ്ഞാപനം ഇറക്കണം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി ഓർമപ്പെടുത്തി.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് വാദിച്ചു. രേഖകൾ കൈമാറുന്നതിൽ കാലതാമസം വരുത്തിയതിന് ഉത്തരവാദി ആരെന്ന് ചോദിച്ച കോടതി എല്ലാ കാര്യത്തിലും സർക്കാരിന്റെ മേൽന്നോട്ടം ഉണ്ടാകണമെന്ന് ഓർമപ്പെടുത്തി. മാർച്ച് 26ന് തന്നെ ഫയലുകൾ കേന്ദ്രത്തിന് കൈമാറിയിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ മറുപടി നൽകി.
അന്വേഷണം വൈകുന്നത് കേസിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് കേന്ദ്രസർക്കാരിനോട് വേഗത്തിൽ വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി നിർദേശിച്ചത്. കേന്ദ്രം വിജ്ഞാപനം ഇറക്കാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു സിദ്ധാർഥന്റെ അച്ഛന്റെ ആരോപണം.