Kerala
Siddharths death: Two more arrested | Wayanad, VeterinaryUniversity
Kerala

സിദ്ധാർഥന്റെ മരണം: രണ്ടുപേർ കൂടി അറസ്റ്റിൽ

Web Desk
|
9 March 2024 9:08 AM GMT

നിലവിൽ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേർ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സർവകലാശാല വിദ്യാർഥികളായ കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഭി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായരുടെ എണ്ണം 20 ആയി. നിലവിൽ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേർ. ഗൂഢാലോചനയിലും മർദനത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കാണിച്ചാണ് പൊലീസ് നടപടി.

നേരത്തെ പ്രതിപ്പട്ടികയിലുള്ള 18 പേരെയും പൊലീസ് പിടികൂടിയിരുന്നു. സിദ്ധാർഥന്റെ സഹപാഠിയും എസ്എഫ്‌ഐ ഭാരവാഹിയുമായ ഇടുക്കി സ്വദേശി അക്ഷയ്‌ക്കെതിരെ കുടുംബം പരാതി പറഞ്ഞിരുന്നുവെങ്കിലും പൊലീസ് പിടികൂടിയിട്ടില്ല. എന്നാൽ പ്രതി ചേർക്കാനാവശ്യമായ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. അക്ഷയ്‌യുടെ മൊഴിയെടുത്ത് വിട്ടയക്കുകയായിരുന്നു. സിദ്ധാർഥനെ മർദിക്കുന്നത് നേരിൽ കണ്ടുവെന്നാണ് അക്ഷയ് മൊഴി നൽകിയതെന്നാണ് വിവരം. എന്നാൽ അക്ഷയ്‌യെ ദൃക്‌സാക്ഷിയാക്കുകയോ മാപ്പ് സാക്ഷിയാക്കുകയോ ചെയ്യരുതെന്നും മർദനത്തിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നുമാണ് സിദ്ധാർഥന്റെ കുടുംബം കുറ്റപ്പെടുത്തുന്നത്. സർവകലാശാലയിലെ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയായ അക്ഷയ്, കേസിൽ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ധാർഥ് മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല.



അതേസമയം, പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ടിൽ പറയുന്നത്. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോട്ടിൽ പറയുന്നു. കൊലപാതക സാധ്യതയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സർവകലാശാലയിലെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌കോഡ് റിപ്പോർട്ട് തയ്യാറാക്കിയത്.

അതിനിടെ, കേസിൽ മുഖ്യപ്രതികളെന്ന് പൊലീസ് കണ്ടെത്തിയ സിൻജോ ജോൺസൺ, ആർ.എസ് കാശിനാഥൻ, അമീൻ അക്ബർ അലി, കെ അരുൺ, അമൽ ഇഹ്‌സാൻ എന്നിവരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മുഴുവൻ പ്രതികളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, സിദ്ധാർഥന്റെ മരണത്തിലെ കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു.മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സിദ്ധാർഥന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്നും ആൾക്കൂട്ട കൊലപാതക്കത്തിൽ കേന്ദ്ര സർക്കാരിനെ പോലെ സംസ്ഥാന സർക്കാരും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

Similar Posts