'മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു, ആർഷോയെയും പ്രതി ചേർക്കണം'; സിദ്ധാർഥന്റെ അച്ഛൻ
|മകനെ ചതിച്ചുകൊന്ന പെൺകുട്ടികളെ രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ജയപ്രകാശ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം അട്ടിമറിച്ചെന്ന് അച്ഛൻ ജയപ്രകാശ്. 'മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും പറഞ്ഞു പറ്റിച്ചു. കേരള സർക്കാർ കേസ് അടിമുടി അട്ടിമറിച്ചു. സിബിഐ അന്വേഷണം തരാം എന്ന് പറഞ്ഞിട്ട് 15 ദിവസത്തോളം നീണ്ടുപോയി'. ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
'എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ കേസിൽ പ്രതി ചേർക്കണം. കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയത് ആർഷോ ആയിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു. എട്ട് മാസം മകനെ പീഡിപ്പിച്ചപ്പോഴും ആർഷോ നോക്കി നിന്നു'. ആർഷോ കാമ്പസിൽ വന്നിട്ടുള്ളതായി മകൻ പറഞ്ഞിട്ടുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.
'മകനെ ചതിച്ചുകൊന്ന പെൺകുട്ടികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. സിദ്ധാർഥന്റെ അമ്മ ദയനീയമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആഹാരം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. മകന്റെ ചടങ്ങ് കഴിഞ്ഞാൽ ഉടൻതന്നെ പ്രക്ഷോഭത്തിന് ഇറങ്ങും എന്ന് പറഞ്ഞിരുന്നതാണ്. ഭാര്യയുടെ ആരോഗ്യം ശരിയായ ശേഷം പ്രക്ഷോഭത്തിനിറങ്ങും. കുടുംബത്തിനൊപ്പം ക്ലിഫ് ഹൗസിന് മുന്നിൽ സമരം ചെയ്യും'. സിദ്ധാര്‍ഥന്‍റെ അച്ഛന്‍ പറഞ്ഞു.