Kerala
നടി തൃക്കാക്കരയിൽ മത്സരിക്കുന്നുണ്ടോ? പ്രതീക്ഷിച്ച വിധി കിട്ടിയില്ലെങ്കില്‍ മേല്‍ക്കോടതിയില്‍ പോകണം: സിദ്ദിഖ്
Kerala

നടി തൃക്കാക്കരയിൽ മത്സരിക്കുന്നുണ്ടോ? പ്രതീക്ഷിച്ച വിധി കിട്ടിയില്ലെങ്കില്‍ മേല്‍ക്കോടതിയില്‍ പോകണം: സിദ്ദിഖ്

Web Desk
|
31 May 2022 11:21 AM GMT

വിധി എതിരായാൽ അതിന്റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥയെന്ന് സിദ്ദീഖ് പറഞ്ഞു.

എറണാകുളം: തൃക്കാക്കര പോളിങ് ദിനത്തിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്. നടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന് സിദ്ദിഖ് ചോദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ‌ു വേളയില്‍ നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സിദ്ദിഖ് ഇങ്ങനെ മറുപടി പറഞ്ഞത്. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

കേസിൽ വിധി വരട്ടെ, എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്നു തോന്നിയാൽ ജഡ്ജിയെ മാറ്റാൻ ആവശ്യപ്പെടുന്നത് ശരിയല്ല. വിധി എതിരായാൽ മേൽക്കോടതിയിൽ പോകണം. അതും എതിരായാൽ അതിന്റെ മേൽക്കോടതിയിൽ പോകണം. അതാണ് ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥയെന്ന് സിദ്ദീഖ് പറഞ്ഞു.

'തൃക്കാക്കരയില്‍ വികസനം കൊണ്ടുവരുമെന്നാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ തൃക്കാക്കര ഇനി എങ്ങോട്ട് വികസിപ്പിക്കുമെന്ന് സംശയം തോന്നാറുണ്ട്. കെട്ടിടങ്ങള്‍ കൊണ്ട് തൃക്കാക്കര തിങ്ങിഞെരിഞ്ഞു. റോഡ് നിര്‍മാണത്തിനുള്‍പ്പെടെ ഊന്നല്‍ നല്‍കി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം'. സിദ്ദിഖ് പറഞ്ഞു.


Similar Posts