സിദ്ദീഖ് കാപ്പന്‍ ജയിലിലായിട്ട് ഒരു വർഷം
|ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍ ജയിലിലായിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹാഥറസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പൻ, പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർറഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.
സിദ്ദീഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യു.പി പൊലീസ് സമർപ്പിച്ചത്. കാപ്പൻ എഴുതിയ 36 ലേഖനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ലേഖനങ്ങളിലൊന്ന് 2019 ഡിസംബറിൽ ആരംഭിച്ച വിവാദ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെക്കുറിച്ചാണ്. ശഹീൻ ബാഗ് പ്രക്ഷോഭത്തിനിടെ കപിൽ ഗുർജാർ നടത്തിയ വെടിവെപ്പിനെ മഹാത്മാഗാന്ധിയുടെ കൊലപാതകവുമായിട്ടാണ് ലേഖനം താരതമ്യപ്പെടുത്തുന്നത്. ഡൽഹി പൊലീസ് പ്രതിഷേധം കൈകാര്യം ചെയ്ത രീതിയെയും ലേഖനം വിമർശിക്കുന്നുണ്ട്.
ജാമ്യാപേക്ഷ നൽകാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത് പറയുന്നു. കുറ്റപത്രം ഏകപക്ഷീയമാണെന്ന് കാപ്പന്‍റെ അഭിഭാഷകൻ വിൽസ് മാത്യൂസും കുറ്റപ്പെടുത്തി. കാപ്പനെ അറസ്റ്റ് ചെയ്ത് ഒരു വർഷമായിട്ടും കുറ്റപത്രത്തിന്‍റെ അസ്സൽ പകർപ്പുകൾ ഇതുവരെ അഭിഭാഷകന് നൽകിയിട്ടില്ല. അതേസമയം സിദ്ദീഖ് കാപ്പൻെറ സിമി ബന്ധം അന്വേഷിക്കാൻ യു.പി സർക്കാർ സമർപ്പിച്ച അപേക്ഷ മഥുര കോടതി ആഗസ്റ്റിൽ തള്ളിയിരുന്നു.
ഒരു വർഷത്തെ ജയിൽവാസത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദീഖ് കാപ്പന് പരോൾ ലഭിച്ചത്. പരോൾ കഴിഞ്ഞ് മടങ്ങിയതിന് ശേഷമായിരുന്നു മാതാവിന്‍റെ മരണം, ഉമ്മയുടെ മരണം സിദ്ദീഖ് കാപ്പനെ മാനസികമായി തളർത്തിയെന്നും ഭാര്യ റൈഹാനത് പറയുന്നു. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ഫോൺ വിളിമാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്‍റെ ഏക ആശ്വാസം. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സിദ്ദീഖ് അനിശ്ചിതമായി ജയിലിൽ കിടക്കുന്നതിൽ വലിയ ആശങ്കയിലാണ് കുടുംബം.