Kerala
സംഘപരിവാർ ഭീഷണി; കോഴിക്കോട്ട് നടത്താനിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു
Kerala

സംഘപരിവാർ ഭീഷണി; കോഴിക്കോട്ട് നടത്താനിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു

Web Desk
|
5 Oct 2022 7:26 AM GMT

ഡിജിപിക്കും എൻഐഎയ്ക്കും ബിജെപി പരാതി നൽകിയിരുന്നു

കോഴിക്കോട്: ഇന്ന് നടത്താനിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു. മാറ്റിവെച്ചത് സംഘപരിവാർ ഭീഷണിയെ തുടർന്നെന്ന് സംഘാടകരായ പൗരാവകാശ വേദിയുടെ പ്രതിനിധികൾ അറിയിച്ചു. എംകെ രാഘവൻ എംപി, മുനവറലി തങ്ങൾ, കെ.കെ രമ തുടങ്ങിയവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.

ഡിജിപിക്കും എൻഐഎയ്ക്കും ബിജെപി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടി മാറ്റാനുളള തീരുമാനമെടുത്തത്. സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

അതേസമയം മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ഹാത്രസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ് ഉണ്ടാവുന്നത്. നിലവിൽ ലഖ്നോ ജയിലിലാണ് സിദ്ദിഖ് കാപ്പൻ കഴിയുന്നത്. കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു. എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജഡ്ജി ലീവ് ആയതിനെ തുടർന്ന് ലഖ്നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.

ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ രൂപ് രേഖാ വർമയാണ് യുഎപിഎ കേസിൽ ജാമ്യം നിന്നത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മുഹമ്മദ് ആലവും ലഖ്നോ ജയിലിലാണ്. ആലത്തിനു യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി കേസിലെ ജാമ്യഅപേക്ഷ പരിഗണിക്കുന്നത് പലതവണ നീട്ടിവച്ചു. യുഎപിഎ കേസിൽ ജാമ്യം നൽകികൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിൽ പുറത്തിറങ്ങിയാലും ആറാഴ്ച സിദ്ദിഖ് കാപ്പൻ ഡൽഹിയിൽ കഴിയണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. ഡൽഹി കലാപത്തിലും പോപുലർ ഫ്രണ്ടിന് പങ്കുളളതായി ഇ.ഡി കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലുണ്ട്.വിദേശത്തു നിന്ന് പണമെത്തിയത് റൌഫ് ശെരീഫെന്ന പോപുലർ ഫ്രണ്ട് നേതാവ് വഴിയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ പണം പോപുലർ ഫ്രണ്ട് ഉപയോഗിച്ചെന്നും ഇ.ഡി ലഖ്‌നൌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Related Tags :
Similar Posts