സിദ്ദിഖ് കാപ്പൻ ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയിൽ; ഇ.ഡിയ്ക്ക് നോട്ടീസ്
|ഹാഥ്റസിലെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്‌ടോബറിലാണ് കാപ്പൻ അറസ്റ്റിലാകുന്നത്
ഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യം തേടി അലഹബാദ് ഹൈക്കോടതിയിൽ. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇ.ഡിയ്ക്ക് നോട്ടീസ് അയച്ചു. ഹാഥ്റസിലെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്‌ടോബറിലാണ് കാപ്പൻ അറസ്റ്റിലാകുന്നത്.
സിദ്ദിഖ് കാപ്പന്‍റെ ഇ.ഡി കേസിലെ ജാമ്യാപേക്ഷയിൽ എതിർ സത്യവാങ് മൂലം സമർപ്പിക്കാൻ ഹൈക്കോടതി രണ്ടാഴ്ച സമയം നൽകി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് ഡി.കെ സിങാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹാഥ്റസില്‍ കലാപമുണ്ടാക്കാൻ പോയാതാണെന്നുമുള്ള ഇ.ഡി യുടെ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നും കാപ്പന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇ.ഡി കേസിനാസ്പദമായ ഹാഥ്റസ് യാത്രയുടെ പണത്തിന്‍റെ സ്രോതസ്സിൽ കാപ്പന് യാതൊരു അറിവുമില്ല.ഇ.ഡി ആരോപിക്കുന്ന 2013ലെ കേസിലെ എഫ്.ഐ.ആറിൽ കാപ്പന്‍റെ പേര് എവിടെയും പരാമർശിക്കുന്നില്ല. ഹാഥ്റസ് പെൺകുട്ടിയുടെ പീഡനകൊലപാതകം ലോകത്തെ അറിയിക്കാൻ പോയ മാധ്യമപ്രവർത്തകനാണ് സിദ്ദിഖ് കാപ്പനെന്നും അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു.
രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. യു.എ.പി. എ കേസിൽ സുപ്രീംകോടതി ജാമ്യം നൽകിയെങ്കിലും ഇ.ഡി കേസിലെ കീഴ്ക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.ഇതിൽ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.