Kerala
സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും
Kerala

സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും

Web Desk
|
1 Feb 2023 11:29 AM GMT

ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോയ കാപ്പൻ 2020 ഒക്ടോബർ അഞ്ചിനാണ് യു.പിയിൽ അറസ്റ്റിലായത്.

ലഖ്‌നോ: യു.പിയിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികളും പൂർത്തിയായി. ഇന്ന് തന്നെ കാപ്പൻ ജയിൽ മോചിതനാകേണ്ടതായിരുന്നു. പക്ഷെ റിലീസിങ് ഓർഡർ എത്തുമ്പോൾ നാല് മണി കഴിഞ്ഞതിനാൽ മോചനം ഒരു ദിവസം കൂടി നീളുകയായിരുന്നു.

ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോയ കാപ്പൻ 2020 ഒക്ടോബർ അഞ്ചിനാണ് യു.പിയിൽ അറസ്റ്റിലായത്. ഇതിന് ശേഷം രണ്ടു തവണയാണ് അദ്ദേഹം ജയിൽനിന്ന് പുറത്തിറങ്ങിയത്. രോഗബാധിതയായ മാതാവിനെ കാണുന്നതിന് വേണ്ടിയും കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സക്ക് എയിംസിലേക്ക് മാറ്റിയപ്പോഴുമാണ് കാപ്പൻ ജയിലിൽ നിന്ന് ഇറങ്ങിയത്.

സെപ്റ്റംബർ ഒമ്പതിനാണ് കാപ്പന് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചത്. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തോളം എടുത്താണ് ഈ കേസിൽ ജാമ്യ നടപടികൾ പൂർത്തിയാക്കിയത്.

ഡിസംബർ 23-നാണ് ഇ.ഡി കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. പോപുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥറസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇ.ഡിയുടെ വാദം.

Similar Posts