Kerala
സിദ്ദീഖ് കാപ്പന്റെ ജാമ്യം നീതിന്യായ സംവിധാനങ്ങളിലെ പ്രതീക്ഷകൾ അവശേഷിപ്പിക്കുന്ന വിധി: പിഡിപി
Kerala

സിദ്ദീഖ് കാപ്പന്റെ ജാമ്യം നീതിന്യായ സംവിധാനങ്ങളിലെ പ്രതീക്ഷകൾ അവശേഷിപ്പിക്കുന്ന വിധി: പിഡിപി

Web Desk
|
10 Sep 2022 3:51 PM GMT

'ഇരകൾക്കും പീഡിതർക്കും വേണ്ടി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നത് കുറ്റകരമാവില്ല എന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിശാലതാൽപര്യത്തെ ഈ വിധി പിന്തുണക്കുന്നുണ്ട്'

കോഴിക്കോട്: സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രിംകോടതി നടപടി നീതിന്യായ സംവിധാനത്തിലെ പ്രതീക്ഷകൾ അവശേഷിപ്പിക്കുന്നതാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎപിഎ നിയമത്തെ ദുരുപയോഗപ്പെടുത്തി യുപി സർക്കാർ അന്യായമായാണ് ഒരു പത്രപ്രവർത്തകനെ ജയിലിൽ രണ്ട് വർഷത്തോളം അടച്ചത് എന്നത് ഇന്ത്യയുടെ നീതിന്യായ താൽപര്യത്തിന് എതിരാണെന്ന് കൂടി ഈ വിധി വ്യക്തമാക്കുന്നു. പൊലീസ് കുറ്റപത്രങ്ങളിൽ എഴുതിപ്പിടിപ്പിക്കുന്ന കള്ളത്തരങ്ങൾ വിശ്വസിച്ചാണ് കോടതികൾ പലപ്പോഴും യുഎപിഎ ചുമത്തപ്പെട്ടവർക്ക് ജാമ്യം നിഷേധിക്കുന്നത്. ഇത്തരം സമീപനങ്ങൾക്ക് പുനരാലോചനകൾ വേണ്ടതാണെന്ന് ഈ വിധി കീഴ്ക്കോടതികളെ ഓർമിപ്പിക്കുന്നു. മജീദ് എന്ന നേരത്തേ മരണപ്പെട്ട ഒരു വ്യക്തിയുടെ പേരിലുള്ള കൃത്രിമ മൊഴിയുടെ പേരിലാണ് പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ബാംഗ്ലൂർ സ്ഫോടനക്കേസിൽ പ്രതി ചേർത്തത്. ഇരകൾക്കും പീഡിതർക്കും വേണ്ടി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നത് കുറ്റകരമാവില്ല എന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിശാലതാൽപര്യത്തെ ഈ വിധി പിന്തുണക്കുന്നുണ്ട്

ഭരണകൂടം അതിന്റെ ജനകീയ രൂപം വെടിഞ്ഞ് സമഗ്രാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും നീങ്ങാൻ ശ്രമിക്കുമ്പോൾ ഉയരുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ തടയാൻ ഉപയോഗിക്കപ്പെടുന്ന മർദനോപകരണങ്ങളെ ബലപ്പെടുത്തി അമിതാധികാരം നൽകാനാണ് യുഎപിഎ പോലുള്ള കരിനിയമങ്ങൾ അന്യായമായി ചുമത്തുന്നത്. രാഷ്ട്രീയ അധികാരപ്രക്രിയയിൽ ജൈവികവും സക്രിയവും സർഗ്ഗാത്മകവുമായ ഇടപെടേണ്ടുന്ന പൗരധർമ്മത്തെ മുരടപ്പിക്കാനും കേവലം യാന്ത്രികമാക്കാനും അന്യായമായി ഇത്തരത്തിൽ ചുമത്തപ്പെടുന്ന കരിനിയമങ്ങൾ കാരണമാകുന്നുണ്ട് എന്ന ബോധ്യം നീതിപീഠങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഭരണകൂടത്തെ അതിന്റെ ജനാധിപത്യ സ്വാഭാവത്തിൽ നിലനിർത്തുക എന്ന പൗരധർമ്മം നിർവഹിക്കാൻ ഇത്തരം നിയമങ്ങൾ ഒഴിവാക്കപ്പെടണം എന്ന യാഥാർത്ഥ്യം മനസ്സിലാക്കി ആരോഗ്യകരമായ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും യുഎപിഎ നിയമത്തിനെതിരെയുള്ള കാമ്പയിനിൽ പത്രപ്രവർത്തകരും സഥാപനങ്ങളും പങ്കാളികളാകണമെന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.

Similar Posts