Kerala
വൈകിവന്ന നീതിയാണ്, എങ്കിലും സന്തോഷം; സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിൽ ഭാര്യ റെയ്ഹാന
Kerala

'വൈകിവന്ന നീതിയാണ്, എങ്കിലും സന്തോഷം'; സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിൽ ഭാര്യ റെയ്ഹാന

Web Desk
|
23 Dec 2022 2:01 PM GMT

ഇ.ഡി രജിസ്റ്റർ കേസിലാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്

മലപ്പുറം: ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് ഭാര്യ റെയ്ഹാന സിദ്ദിഖ്. വൈകിയാണ് വന്നത്, എങ്കിലും സന്തോഷം. ഓർഡർ കയ്യിൽ കിട്ടിയിട്ടില്ല. അത് കിട്ടിയാലേ ബാക്കി കാര്യങ്ങൾ അറിയൂ എന്ന് റെയ്ഹാന മാധ്യമങ്ങളോട് പറഞ്ഞു. യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷൻ നടപടികൾ നാലുമാസമായിട്ടും പൂർത്തിയായില്ലെന്നും റെയ്ഹാന പ്രതികരിച്ചു.

ഇ.ഡി രജിസ്റ്റർ കേസിലാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷൻ പൂർത്തിയായാൽ മാത്രമേ കാപ്പന് ജയിൽ മോചനം സാധ്യമാകൂ.

സെപ്തംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലായിരുന്നു കാപ്പന്റെ മോചനം നീണ്ടുപോയത്. ഇതിൽ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവർ അറസ്റ്റിലായത്. ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി സിദ്ദിഖ് കാപ്പനടക്കം നാലുപേർ നിയോഗിക്കപ്പെട്ടെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിച്ചിരുന്നു.

Related Tags :
Similar Posts