ബലാത്സംഗക്കേസിന് പിന്നില്‍ അമ്മയും ഡബ്ള്യൂസിസിയും തമ്മിലുള്ള പോര്; സിദ്ദീഖ് സുപ്രിം കോടതിയില്‍
|ഒളിവിൽ പോയ സിദ്ദീഖിനെ അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്തനായിട്ടില്ല
കൊച്ചി: താരസംഘടനയായ അമ്മയും ഡബ്ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടൻ സിദ്ദീഖ് സുപ്രിംകോടതിയിൽ. ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വാദം. ഒളിവിൽ പോയ സിദ്ദീഖിനെ അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്തനായിട്ടില്ല.
അമ്മയും ഡബ്ള്യൂസിസിയും തമ്മിലെ പോരിന്‍റെ ഇരയാണെന്ന വാദമാണ് സുപ്രിംകോടതിയിൽ സിദ്ദീഖ് മുന്നോട്ട് വയ്ക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വർഷം കഴിഞ്ഞപ്പോൾ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയർത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിർന്ന അംഗമാണ് താൻ . നിരവധി പുരസ്കാരങ്ങളും അംഗീകാരവും ലഭിച്ച തന്‍റെ പേരിൽ മറ്റു ക്രിമിനൽ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം അമ്മയുടെ നേതൃനിരയിൽ ഉണ്ടായിരുന്നവരെ ലക്ഷ്യമിട്ടാണ് ആരോപണവും കേസുകളും. ഇതൊന്നും ആകസ്മികമായി സംഭവിച്ചതല്ലെന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ വിശ്വസിക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിന്‍റെ അഭിഭാഷക രഞ്ജിത റോഹ്തഗി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ഇ-മെയിൽ അയച്ചു.
സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാൽ തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് ഒഴിവാക്കുന്നതാണ് കീഴ്വഴക്കം . സ്ത്രീ പീഡനക്കേസിൽ കോടതി പരിസരത്ത് നിന്ന് പോലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ള കേരള പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തുന്നത് വരെ സിദ്ദീഖിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.