സിദ്ദീഖ് കൊലപാതകം: ഇലക്ട്രിക് കട്ടറും എ.ടി.എം കാർഡുകളും, രക്തം പുരണ്ട വസ്ത്രഭാഗങ്ങളും കണ്ടെത്തി
|സിദ്ദീഖിന്‍റെ തലക്കടിക്കാനുപയോഗിച്ച ചുറ്റികയും, ദേഹത്ത് മുറിവേൽപ്പിച്ച കത്തിയും, കൊലക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും, ഹോട്ടൽ മുറിയിലെ രക്തക്കറ കളയാൻ ഉപയോഗിച്ച തുണികളും , ഡീ കാസ ഹോട്ടലിന്‍റെ മുദ്രയുള്ള തലയണക്കവറും, കണ്ടെടുത്തു
മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണക്കടുത്തെ ചീരട്ട മലയിൽ നിന്നാണ് ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും കണ്ടെത്തിയത്. കേസിലെ പ്രതികളായ ഫർഹാനയെയും, ഷിബിലിയെയും എത്തിച്ചാണ് പൊലീസ് പ്രദേശത്ത് തെളിവ് ശേഖരിച്ചത്. സിദ്ദീഖ് കൊലക്കേസിലെ പ്രതികളിൽ ഒരാളായ ഫർഹാനയാണ് ചീരട്ടമലയിൽ ആയുധങ്ങളുൾപ്പെടെയുള്ള വസ്തുക്കൾ ഉപേക്ഷിച്ചത്. തെളിവെടുപ്പിനിടെ ഫർഹാന എല്ലാം വിശദീകരിച്ചു.
ഫർഹാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റബർ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിൽ , സിദ്ദീഖിന്‍റെ തലക്കടിക്കാനുപയോഗിച്ച ചുറ്റികയും, ദേഹത്ത് മുറിവേൽപ്പിച്ച കത്തിയും, കൊലക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും, ഹോട്ടൽ മുറിയിലെ രക്തക്കറ കളയാൻ ഉപയോഗിച്ച തുണികളും , ഡീ കാസ ഹോട്ടലിന്‍റെ മുദ്രയുള്ള തലയണക്കവറും, കണ്ടെടുത്തു. ഇത് കൂടാതെ സിദ്ദീഖിന്‍റേതെന്ന് കരുതുന്ന രണ്ട് എ.ടി.എം കാർഡുകളും, ചെരിപ്പുകളും കൂടി പ്രദേശത്ത് നിന്ന് ലഭിച്ചു.
മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിച്ചതിന് ശേഷമാണ് പ്രതികൾ സിദ്ദീഖിന്‍റെ വാഹനത്തിൽ ചീരട്ടമലയിലെത്തിയത്. ഇവിടെ കേസിൽ പിടിയിലായ മൂന്ന് പ്രതികളും ചേർന്ന് മദ്യപിച്ചു. ഇതിനിടെയാണ് ആയുധങ്ങളും മറ്റ് വസ്തുക്കളും പ്രദേശത്ത് തന്നെ ഉപേക്ഷിച്ചത്. ഇതിന് ശേഷം വാഹനമുപേക്ഷിക്കാൻ പ്രതികളിലൊരാൾ ചെറുതുരുത്തിയിലേക്ക് പോയി. ഫർഹാന വീട്ടിലേക്കാണ് മടങ്ങിയത്. ഇനിയും എഴിലധികം സ്ഥലങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്താനുണ്ടെന്നാണ് സൂചന. അടുത്ത ദിവസങ്ങളിലായി ഈ സ്ഥലങ്ങളിൽ പ്രതികളുമായി അന്വേഷണ സംഘം തെളിവ് ശേഖരിക്കും.