സിദ്ധാർഥൻ എട്ടുമാസം നിരന്തര റാഗിങ്ങിനിരയായത് ആന്റി റാഗിങ് കമ്മിറ്റി അറിഞ്ഞില്ലെന്ന വാദം പ്രതികളെ സംരക്ഷിക്കാനെന്ന് ആരോപണം
|കഴിഞ്ഞ ദിവസം 33 വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ച നടപടി വിവാദമായതിന് പിന്നാലെ വി.സി രാജിവച്ചിരുന്നു
വയനാട്: വയനാട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണക്കും ക്രൂര മർദനത്തിനുമിരയായ സിദ്ധാര്‍ഥന്റെ മരണത്തിൽ ഒരു മാസത്തിനിപ്പുറവും വിവാദങ്ങളടങ്ങുന്നില്ല. സിദ്ധാർഥൻ എട്ടുമാസം നിരന്തര റാഗിങ്ങിനിരയായത് ക്യാമ്പസിലെ ആന്റി റാഗിങ് കമ്മിറ്റി അറിഞ്ഞില്ല എന്ന വാദം പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം 33 വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ച നടപടി വിവാദമായതിന് പിന്നാലെ വി.സി രാജിവച്ചിരുന്നു.
സിദ്ധാര്‍ഥന്റെ മരണശേഷം വിവിധ വകുപ്പ് മേധാവികളായ 12 പേരെ ഉൾപ്പെടുത്തി രൂപീകരിച്ച ആന്റി റാഗിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് എട്ടു മാസമായി സിദ്ധാർഥൻ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ. കോളജ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ.അരുണിന്റെ മുറിയിൽ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യാനും ഒപ്പിട്ട് മടങ്ങാനും സിദ്ധാർഥനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുറിയിൽവച്ച് പലതവണ നഗ്നനാക്കി റാഗ് ചെയ്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ യൂനിവേഴ്സിറ്റിയിൽ വർഷങ്ങളായി നില വിലുള്ള ആന്റി റാഗിങ് കമ്മിറ്റി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നതാണ് ദുരൂഹതയുണർത്തുന്നത്.
പുതുതായി രൂപീകരിച്ച ആന്റി റാഗിങ് സ്ക്വാഡ് അന്വേ ഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മാത്രമാണ് ആന്റി റാഗിങ് കമ്മിറ്റി വിവരം അറിഞ്ഞത്. പ്രതികളെ സംരക്ഷിക്കാൻ കോളജധികൃതർ കൂട്ടു നിന്നതിൻ്റെ തെളിവാണിതെന്നാണ് ആരോപണം. ഇതിനിടെയാണ് സസ്പെൻ്റ് ചെയ്യുപ്പെട്ട 33 വിദ്യാർഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് നടപടികള്‍ സർവകലാശാല പുനസ്ഥാപിച്ചെങ്കിലും വിവാദങ്ങളൊഴിയുന്നില്ല.