സിക്കിം വാഹനാപകടം; മരിച്ച സൈനികരിൽ മലയാളിയും
|പാലക്കാട് സ്വദേശി വൈശാഖാണ് മരിച്ചത്
സിക്കിം; സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് സ്വദേശി വൈശാഖാണ് മരിച്ചത്.
പാലക്കാട് ചെങ്ങയൂർക്കാവ് സ്വദേശിയായ വൈശാഖ് നാലു വർഷമായി സേനയിൽ നാവിക് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. മൃതദേഹം എപ്പോഴാണ് വീട്ടിലെത്തിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വീട്ടുകാരെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി വിവരമറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സിക്കിമിൽ 16 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം. രാവിലെ ചാറ്റെനിൽ നിന്ന് താംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിൽ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റ നാലു പേരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരണപ്പെട്ടത്. അപകടത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സേന പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്
അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. വടക്കൻ സിക്കിമിൽ നടന്ന വാഹനാപകടത്തിൽ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു- രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.