സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാറിന് നിയമോപദേശം
|'നിലവിലുള്ള ഏജന്‍സികളെ തന്നെ ചുമതലപ്പെടുത്തുന്നതില്‍ തെറ്റില്ല'
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാറിന് നിയമോപദേശം. നിലവിലുള്ള ഏജന്‍സികളെ തന്നെ ചുമതലപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന എജിയുടെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. അതിനിടെ റെയില്‍വേ ഭൂമിയെ കുറിച്ച് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ കെ റെയില്‍ കൈമാറി.
പ്രതിഷേധത്തെ തുടര്‍ന്ന് സാമൂഹിക ആഘാത പഠനം സമയബന്ധിതമായി തീര്‍ക്കാന്‍ ഏജൻസികൾക്ക് കഴിയാഞ്ഞതിനാൽ വിജ്ഞാപനം റദ്ദായിരുന്നു. തുടര്‍ന്നാണ് റവന്യു വകുപ്പ് നിയമോപദേശം തേടിയത്. നിലവിലെ ഏജന്‍സികള്‍ക്ക് തന്നെ കരാര്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പുതിയ ഏജന്‍സികളെ ടെണ്ടര്‍ വിളിച്ച് നിയോഗിക്കാനും കഴിയുമെന്നും എജി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിയമോപദേശം നല്‍കി. ഇതോടെ തുടര്‍ നടപടികളിലേക്ക് റവന്യു വകുപ്പ് ഉടന്‍ കടക്കും.
ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയെ കുറിച്ചും അതിലെ നിര്‍മിതികളുടെ വിശദാംശങ്ങള്‍ അതിനിടെ റെയില്‍വേ ബോര്‍ഡിന് കെ റെയില്‍ കൈമാറി. ഇത് പ്രകാരം മേല്‍പ്പാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം,കൊല്ലം,തൃശൂര്‍,മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ടി വരിക. ഏറ്റെടുക്കേണ്ട 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയില്‍ 3.6 ഹെക്ടര്‍ സ്ഥലത്താണ് കെട്ടിടങ്ങളുള്ളത്.