റെയില്‍വേ ഭൂമിയില്‍ സില്‍വര്‍ ലൈനിനായി കല്ലിടില്ല; സര്‍വേ ഡി.ജി.പി.എസ് മുഖേന
|സര്‍വേക്കായി കെ റെയില്‍ രണ്ട് ടെണ്ടറുകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പാത കടന്നു പോകുന്നതില്‍ റെയില്‍വേ ഭൂമിയിലും സര്‍വേ നടത്തുന്നത് ഡി.ജി.പി.എസ് മുഖേനെയായിരിക്കും. ഇതിനായി ഏഴ് ജില്ലകളില്‍ സര്‍വേ നടത്താനായി ഏജന്‍സികള്‍ക്കായി കെ റെയില്‍ ടെണ്ടര്‍ ക്ഷണിച്ചു. സില്‍വര്‍ ലൈന്‍ പാതയുടെ അലൈന്‍മെന്‍റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെ അതിര്‍ത്തി,അളവ്, വസ്തുക്കളുടെ മൂല്യം എന്നിവ കണ്ടെത്താന്‍ കെ റെയിലും റെയില്‍വേയും സംയുക്തമായാണ് പരിശോധന നടത്തുക.
സ്വകാര്യ ഭൂമിയില്‍ കല്ലിടണമെന്ന് വാശിപിടിച്ച് പ്രതിഷേധം ക്ഷണിച്ച് വരുത്തിയ കെ റെയില്‍, റെയില്‍ ഭൂമിയില്‍ കല്ലിടണമെന്ന നിര്‍ബന്ധം മുന്നോട്ട് വെയ്ക്കുന്നില്ല. പകരം ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റ പ്രകാരം അതിര് നിര്‍ണയിച്ചാല്‍ മതിയെന്ന് ടെണ്ടറില്‍ തന്നെ വ്യക്തമാക്കി. രണ്ട് ടെണ്ടറുകളാണ് ക്ഷണിച്ചത്.
കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ 79 കിലോമീറ്ററിനും കോട്ടയം,എറണാകുളം,തൃശൂര്‍,മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 99 കിലോ മീറ്ററിനും പ്രത്യേകം ടെണ്ടറുകളാണ് ക്ഷണിച്ചത്. രണ്ട് മാസമാണ് സര്‍വേ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി. സര്‍വേ പൂര്‍ണമായും ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്യത്തിലായിരിക്കും. റെയില്‍വേ ബോര്‍ഡ് നിര്‍ദേശ നല്‍കി അഞ്ച് മാസം പിന്നിട്ടതിന് ശേഷമാണ് റെയില്‍വേ ഭൂമിയില്‍ സര്‍വേ നടത്താനുള്ള പ്രാരംഭ നടപടികളിലേക്ക് കെ റെയില്‍ കടക്കുന്നത്.