കെ റെയില്‍ കേന്ദ്ര നിലപാടിൽ സംസ്ഥാനത്തിന് കടുത്ത ആശങ്ക; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് കോടതിയില്‍
|ഹരജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്
കെ റെയില്‍ പദ്ധതിയിലെ കേന്ദ്രസർക്കാർ നിലപാടില്‍ സംസ്ഥാനം കടുത്ത ആശങ്കയില്‍. കേന്ദ്രത്തിന്‍റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി രാഷ്ട്രീയ ആധുയമാക്കിയെടുക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയാണ് കെ റെയില്‍ പദ്ധതി അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നായിരിന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രം താത്കാലികമായിയെങ്കിലും അനുമതി നിഷേധിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. കേന്ദ്രത്തിന്‍റെ നിലപാടില്‍ സര്‍ക്കാരിനുള്ളില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് കുരുതുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലപാടിന് പിന്നില്‍ രാഷ്രീടയമുണ്ടെന്നാണ് സര്‍ക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. മറുപടി നല്‍കിയാലും കേന്ദ്രം വീണ്ടും സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യത സംസ്ഥാനസര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിച്ച സംശയങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെടുക്കാനാണ് പ്രതിപക്ഷ തീരുമാനം. തങ്ങള്‍ ഉന്നയിച്ച സംശങ്ങളാണ് കേന്ദ്രം ഉന്നയിച്ചതെന്നാണ് പ്രതിപക്ഷവാദം. കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
അതേസമയം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹരജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഈ തീരുമാനം സിൽവർ ലൈൻ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം.
സർക്കാർ വാദം പരിഗണിക്കാതെ ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും ഹരജിയിലുണ്ട്. പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.