Kerala
സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട്; സ്ഥലം ഏറ്റെടുക്കുന്ന ഓഫീസുകളുടെ കാലാവധി നീട്ടി
Kerala

സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട്; സ്ഥലം ഏറ്റെടുക്കുന്ന ഓഫീസുകളുടെ കാലാവധി നീട്ടി

Web Desk
|
7 Oct 2022 11:46 AM GMT

റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഓഫീസുകളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സ്‌പെഷ്യൽ തഹസിൽദാരുടെ ഓഫീസുമായി ബന്ധപ്പെട്ട പതിനൊന്ന് സ്ഥലമേറ്റെടുക്കൽ യൂണിറ്റുകളുടെ കാലാവധി 18-08-2022ൽ പൂർത്തിയായിരുന്നു. ഇതാണ് പുതിയ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന്റെയും കാലപരിധി അവസാനിച്ചിരുന്നു. ഇതും ഇപ്പോൾ നീട്ടിയിട്ടുണ്ട്.

നേരത്തെ പഠനം നടത്തേണ്ട ഏജൻസികളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് വിജ്ഞാപനം ഇറങ്ങാത്തതിനാൽ സാമൂഹികാഘാത പഠനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനവും ഉടൻ തന്നെ റവന്യൂ വകുപ്പ് ഇറക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് ഓഫീസുകളുടെ കാലാവധി നീട്ടിയിരിക്കുന്നതെന്നാണ് വിവരം.

പുതിയ ഉത്തരവ് എല്ലാ ലാൻഡ് റവന്യൂ കമ്മീഷണർമാർക്കും പദ്ധതി കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിലെ കലക്ടർമാർ അടക്കമുള്ളവർക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടർന്ന് സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനത്തിൽ നിന്ന് സർക്കാർ പിന്മാറിയെന്ന ആക്ഷേപങ്ങൾക്കിടെയാണ് റവന്യൂ വകുപ്പിന്റെ നീക്കം.

Similar Posts