Kerala
സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും മതിലിന് പകരം വേലിയെന്ന വാദം പൊളിയുന്നു
Kerala

സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും മതിലിന് പകരം വേലിയെന്ന വാദം പൊളിയുന്നു

Web Desk
|
17 Jan 2022 1:32 AM GMT

കേരളത്തിന്റെ ഭൂപശ്ചാത്തലത്തിൽ ‍ മതിലാണ് അനുയോജ്യമെന്നാണ് ഡി.പി.ആര്‍ പറയുന്നത്

സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും മതിലിന് പകരം വേലിയായിരിക്കുമെന്ന വാദം പൊളിയുന്നു. കേരളത്തിന്റെ ഭൂപശ്ചാത്തലത്തിൽ ‍ മതിലാണ് അനുയോജ്യമെന്നാണ് ഡി.പി.ആര്‍ പറയുന്നത്. മതിലില്‍ പരസ്യം നല്‍കിയും വരുമാനം ഉണ്ടാക്കാമെന്ന് ഡി.പി.ആറില്‍ വിശദീകരിക്കുന്നു.

മനുഷ്യരും ജന്തുജാലങ്ങളും പാതയിലേക്ക് കടന്ന് അപകടം സൃഷ്ടിക്കാതിരിക്കാനാണ് മതില്‍ തീര്‍ക്കുക. മതില്‍ കെട്ടിയാല്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന വാദങ്ങള്‍ മറുപടിയായാണ് വേലിയാണ് കെട്ടുകയെന്ന പ്രചാരണം സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ഇതടക്കമുള്ള മൂന്ന് മാര്‍ഗങ്ങള്‍ ചിത്രം സഹിതം വിശദീകരിച്ച ശേഷമാണ് മതിലാണ് അനുയോജ്യമെന്ന് ഡി.പി.ആര്‍ അക്കമിട്ട് നിരത്തുന്നത്. ഇതിന്റെ മുകള്‍ ഭാഗത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കുകയും ഭിത്തിയില്‍ പരസ്യം നല്‍കുകയും ചെയ്ത് വരുമാനം ഉണ്ടാക്കും. മതില്‍ നിര്‍മിക്കുന്നതിന് എത്രയധികം സാമഗ്രികള്‍ വേണ്ടി വരുമെന്ന കാര്യം ഡി.പി.ആറില്‍ വ്യക്തമാക്കിയിട്ടില്ല.

ആകെ ദൂരത്തിന്റെ 55 ശതമാനം എംബാങ്ക്മെന്റ് ആയിരിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഡി.പി.ആര്‍ പ്രകാരം അത് 62 ശതമാനമാണ്. അതായത് 328 കിലോമീറ്റര്‍ ദൂരം. മഴക്കാലത്ത് സില്‍വര്‍ ലൈന്‍ കോറിഡോറില്‍ വെള്ളം നിറയാനുള്ള സാധ്യതയും ഡി.പി.ആറിലുണ്ട്. ഇതിന് പരിഹാരമായി കാവുകളിലെയും അമ്പലങ്ങളിലേയും പോലെ കുളങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശിക്കുന്നു.

Related Tags :
Similar Posts