Kerala
അലൈന്‍മെന്‍റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്സൈറ്റിലെ മാപ്പ്: കെ റെയില്‍
Kerala

അലൈന്‍മെന്‍റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്സൈറ്റിലെ മാപ്പ്: കെ റെയില്‍

Web Desk
|
24 March 2022 10:27 AM GMT

മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്‍മെന്‍റ് മാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ആരോപണത്തിന് പിന്നാലെയാണ് കെ റെയിലിന്‍റെ വിശദീകരണം

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസര്‍കോട് അതിവേഗപാതയുടെ അലൈൻമെന്‍റ് മാറ്റിയിട്ടില്ലെന്ന് കെ റെയിൽ. മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്‍മെന്‍റ് മാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ആരോപണത്തിന് പിന്നാലെയാണ് കെ റെയിലിന്‍റെ വിശദീകരണം.

https://themetrorailguy.com/ എന്ന വെബ്‌സൈറ്റില്‍, സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചു വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് കെ റെയില്‍ വിശദീകരിച്ചു പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ-റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണ്. ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില്‍ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക അലൈന്‍മെന്‍റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നതെന്ന് കെ റെയില്‍ കുറിപ്പില്‍ വ്യക്തമാക്കി.

മന്ത്രി സജി ചെറിയാന്‍റെ പഞ്ചായത്തില്‍ ഉള്‍പ്പെടെ അലൈന്‍മെന്‍റില്‍ എങ്ങനെ മാറ്റംവന്നുവെന്ന് കെ റെയിൽ എംഡി മറുപടി പറയണമെന്നാണ് തിരുവഞ്ചൂർ ഇന്നലെ ആവശ്യപ്പെട്ടത്. എന്നാൽ ആരോപണങ്ങളെ പൂർണമായും സജി ചെറിയാൻ തള്ളിക്കളഞ്ഞു. തന്റെ വീടും സ്ഥലവും പദ്ധതിക്ക് വേണ്ടി വിട്ട നല്‍കാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞു.

Similar Posts