'ഡിപിആർ പരിശോധിക്കുകയാണ്, നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടതുണ്ട്'; കെറെയിൽ ചോദ്യങ്ങളോട് അശ്വിനി വൈഷ്ണവ്
|'വന്ദേഭാരത് സ്ലീപറും, വന്ദേ ഭാരത് മെട്രോയും കേരളത്തിന് സമയബന്ധിതമായി അനുവദിക്കും'
തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആർ പരിശോധിക്കുകയാണ്. സാങ്കേതികമായ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം എന്ത് തീരുമാനവും സംസ്ഥാന സർക്കാരുമായി ആലോചിച്ചേ എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
''വന്ദേഭാരത് സ്ലീപറും, വന്ദേ ഭാരത് മെട്രോയും കേരളത്തിന് സമയബന്ധിതമായി അനുവദിക്കും. സ്ലീപർ ബംഗളുരു വരെയുള്ള യാത്രക്കാണ്, മെട്രോ തിരുവനന്തപുരം മുതൽ കൊച്ചി വരെ'' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലായിരുന്നു പരിപാടി. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്
ചടങ്ങിന് ശേഷം പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി തിരിച്ചു. വാട്ടർ മെട്രോ,ഡിജിറ്റൽ സർവകലാശാലകളുടെ ഉദ്ഘാടനം എന്നിവ ഇവിടെ വെച്ചാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഈ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്തു.