സിൽവർലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല- റെയിൽവേ ബോർഡ്
|കേന്ദ്ര റെയിൽ ബോർഡ് ചെയർമാൻ വിനയ് ത്രിപാഠി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
സിൽവർലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ. തത്വത്തിലെ അനുമതി ഡി.പി.ആർ തയാറാക്കാൻ മാത്രമാണെന്ന് കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാൻ വിനയ് ത്രിപാഠി വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതാദ്യമായാണ് കേന്ദ്ര റെയിൽ ബോർഡ് ചെയർമാൻ സിൽവർലൈൻ വിഷയത്തിൽ രേഖാമൂലം ഒരു എം.പിക്ക് വിശദീകരണം നൽകുന്നത്. കെ-റെയിൽ കോർപറേഷന് നൽകിയത് തത്വത്തിലുള്ള അനുമതിയാണ്. ഡി.പി.ആർ അവതരണം, ഇതിന്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും അറിയിക്കാനുള്ള അംഗീകാരം മാത്രമാണ് തത്വത്തിലുള്ള അനുമതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ത്രിപാഠി വിശദീകരിക്കുന്നു.
സർവേയ്ക്കു ശേഷം കെ-റെയിൽ അധികൃതർ റെയിൽവേ വകുപ്പിന് ഡി.പി.ആർ സമർപ്പിച്ചിരുന്നു. ഡി.പി.ആറിലെ പിഴവാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. പ്രാഥമിക അനുമതിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച രേഖകൾ അപൂർണമാണ്. സാങ്കേതിക, പ്രായോഗിക വശങ്ങളെ സംബന്ധിച്ച മതിയായ വിവരങ്ങൾ ഡി.പി.ആറിലില്ല. അലൈൻമെന്റ് ഭൂമി, സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി, നിലവിലെ റെയിൽവേ പാതയെ എവിടെയെല്ലാം ക്രോസ് ചെയ്യുന്നു, പദ്ധതി കാരണം ബാധിക്കപ്പെടുന്ന റെയിൽവേ വസ്തുക്കൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാനായിരുന്നു റെയിൽ ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് കെ-റെയിൽ അധികൃതർ ഇതുവരെ ചെയ്തിട്ടില്ലെന്നും വിനയ് ത്രിപാഠി ചൂണ്ടിക്കാട്ടുന്നു.
Summary: Didn't give final approval for Silverline project, says Railway Board chairman Vinay Kumar Tripathi