സില്‍വര്‍ലൈന്‍ പദ്ധതി; സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്‍റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കി
|സര്‍ക്കാരിന്‍റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി
സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്‍റെ രണ്ടാമത്തെ ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാരിന്‍റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാരിനോട് കോടതി വിവരങ്ങള്‍ ആരായുമ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയാണോയെന്ന് സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ മുന്‍പാകെ എത്തിയ ഹരജികളില്‍ കോടതി സര്‍വേ തടഞ്ഞ് നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ സമീപിക്കുകയും ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്‍റെ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് പരിഗണനയിലിരിക്കെ തന്നെ സിംഗിള്‍ ബഞ്ച് വീണ്ടും സര്‍വേ തടഞ്ഞ് രണ്ടാമത് ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും അപ്പീല്‍ നല്‍കിയത്. സില്‍വര്‍ലൈനില്‍ അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയിലിരിക്കേ സര്‍വേ തടഞ്ഞ് വീണ്ടും ഉത്തരവിട്ട സിംഗിള്‍ ബഞ്ച് നടപടിയില്‍ അഡ്വക്കറ്റ് ജനറല്‍ ഇന്ന കോടതിയില്‍ അതൃപ്തി അറിയിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ പുതിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അതൃപ്തി അറിയിച്ചത്
അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയിലാണെന്ന് സിംഗിള്‍ ബഞ്ചിനെ അറിയിച്ചില്ലേയെന്നു വാദത്തിനിടെ എജിയോട് ചീഫ് ജസ്റ്റിസിന്‍റെ ചോദിച്ചു. അപ്പീല്‍ വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണെന്ന് കേസ് പരിഗണിച്ചപ്പോള്‍ സിംഗിള്‍ ബഞ്ചിനെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് പുതിയ ഉത്തരവിറക്കിയതെന്നും അഡ്വക്കറ്റ് ജനറല്‍ ഡിവിഷന‍് ബഞ്ചിനെ അറിയിച്ചു.
ഇതിനിടെ സര്‍വേ തടയണമെന്ന ഹരജി സിംഗിള്‍ ബഞ്ച് മുന്‍പാകെ എത്തിയപ്പോള്‍ സര്‍ക്കാരിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. കോടതി വിവരങ്ങൾ തേടുമ്പോൾ സർക്കാർ അതിനെതിരെ അപ്പീൽ നൽകുന്നു. കോടതി പദ്ധതിക്ക് എതിരല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് ഇടപെടുന്നത്. സർക്കാർ അനാവശ്യ തിടുക്കം കാണിക്കുന്നത് പദ്ധതിയെ ബാധിക്കും. പദ്ധതിയുടെ അലൈൻമെന്‍റിലും മറ്റും അപാകതകൾ ഉണ്ടെന്നു ഭാവിയിൽ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പ് നല്‍കി.