Kerala
Simi Rosbel John should be kicked out of Congress Seven women leaders wrote to the leadership
Kerala

'സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം'; നേതൃത്വത്തിന് കത്ത് നൽകി ഏഴ് വനിതാ നേതാക്കൾ‍

Web Desk
|
1 Sep 2024 12:16 PM GMT

കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്നാണ് പരാതി.

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെതിരെയുൾപ്പെടെ ആരോപണം ഉന്നയിച്ച സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി വനിതാ നേതാക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.സി.സി- കെ.പി.സി.സി നേതൃത്വത്തിന് വനിതാ നേതാക്കൾ പരാതി നൽകി. കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്നാണ് പരാതി.

ഏഴ് വനിതാ നേതാക്കളാണ് പരാതി കൊടുത്തത്. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ തുളസി, ജെബി മേത്തർ എന്നിവരാണ് പരാതി നൽകിയത്.

സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന വാക്കുകളാണ് സിമി ഉന്നയിച്ചതെന്നും അതിനാൽ കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്നും പരാതിയിൽ പറയുന്നു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ എല്ലാ സ്ഥാനമാനങ്ങളും സിമിക്ക് ലഭിച്ചിരുന്നു. എന്നിട്ടും 'വഴങ്ങിക്കൊടുത്താൽ മാത്രമേ നേതാവാകാൻ പറ്റൂ' എന്ന പ്രസ്താവനയാണ് അവർ നടത്തിയത്.

അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇപ്പോൾ പ്രവർത്തിക്കുന്ന ആയിരത്തോളം വനിതാ നേതാക്കളെ അധിക്ഷേപിക്കുന്നതാണ് ആ പ്രസ്താവന. അതുകൊണ്ടുതന്നെ സിമിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം- പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, സിമി റോസ്ബെൽ ജോണിന്റെ പ്രസ്താവന കോൺ​ഗ്രസിലെ മറ്റു സ്ത്രീകൾക്ക് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. കെ.വി തോമസിനെയും ഹൈബി ഈഡനെയും എം.പിയാക്കിയപ്പോൾ അവരെയും ആക്കണമായിരുന്നു, ടി.ജെ വിനോദിനെ എം.എൽ.എയാക്കിയപ്പോൾ അവരെയും ആക്കണമായിരുന്നു എന്നൊക്കെയാണ് അവർ പറ‍ഞ്ഞത്. അന്നൊന്നും ഇത് തീരുമാനിക്കുന്ന ഒരാളല്ല താനെന്നും പാർട്ടി പല പദവികളും നൽകിയതായും വി.ഡി സതീശൻ പറഞ്ഞു.

പി.എസ്.സി അം​ഗമാക്കി. ഒരു സ്ത്രീയും കാൽനൂറ്റാണ്ടിനിടെ പി.എസ്.സി മെം​ബറായിട്ടില്ല. ആ സ്ഥാനത്ത് ശമ്പളം എത്രയാണെന്ന് അറിയാമോ?. അഞ്ചാറ് വർഷം ആ സ്ഥാനത്ത് ഇരുന്നയാളാണ്. തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞു. താനല്ല സ്ഥാനാർഥിയെ തീരുമാനിച്ചത്. ഉമ്മൻചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ ഇരുന്നാണ് ഏകകണ്ഠമായി ഉമ തോമസിനെ തീരുമാനിച്ചതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷനേതാവിനെതിരെയായിരുന്നു എ.ഐ.സി.സി അംഗം സിമി റോസ്‌ബെൽ ജോണിന്റെ ആരോപണം. വി.ഡി സതീശൻ പാർട്ടിയിലെ തന്റെ അവസരങ്ങൾ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഗുഡ്ബുക്കിൽ തനിക്കിടം നേടാനായില്ലെന്നും സിമി പറഞ്ഞിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതിൽ ഇടംപിടിക്കാനാവാതെ പോയത്. വി.ഡി സതീശന്റെ നേതൃത്വത്തിൽ പവർഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.


Similar Posts