ഗാനമേളക്കിടെ ഗായകൻ ഇടവ ബഷീർ കുഴഞ്ഞു വീണു മരിച്ചു
|ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്ന ഇദ്ദേഹം ഗാനമേള വേദികളിൽ സജീവമായിരുന്നു
ആലപ്പുഴ: പിന്നണി ഗായകൻ ഇടവ ബഷീർ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ നടന്ന ഗാനമേളക്കിടെയാണ് അന്ത്യം. പാട്ടുപാടിക്കൊണ്ടിരിക്കെ സ്റ്റേജിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റുകയായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു. 1972ൽ ഗാനഭൂഷണം പാസായി.
കേരളത്തിലുടനീളം ഗാനമേള വേദികൾക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. 1978ൽ 'രഘുവംശം' എന്ന സിനിമയിൽ പാടിക്കൊണ്ടാണ് സിനിമ മേഖലയിലേക്ക് കടക്കുന്നത്. എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്. ജാനകിയോടൊത്തായിരുന്നു ആദ്യഗാനം. സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ വന്നെങ്കിലും ഗാനമേള വേദികളിൽ സജീവമാകാനായിരുന്നു ബഷീറിന് താൽപര്യം.