Kerala
Single Civil Code to be faced politically and legally: Muslim League
Kerala

ഏകസിവിൽ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടും: മുസ്‌ലിം ലീഗ്‌

Web Desk
|
28 Jun 2023 9:11 AM GMT

ഇന്നലെയാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്

മലപ്പുറം: ഏക സിവിൽ കോഡിനെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അജണ്ടയാണ് ഏക സിവിൽകോഡ് എന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.'നിയമപരമായി ഏക സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും'. അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹതയെന്നായിരുന്നു ഹൈദറലി തങ്ങളുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവിൽ കോഡ് നടപ്പിലാക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് ദേശീയ നേതാക്കളുടെ യോഗം ചേർന്നത്. സാദിഖ് അലി തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെല്ലാം തന്നെ യോഗത്തിൽ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ഓൺ ലൈനായാണ് പങ്കെടുത്തത്.



ഇന്നലെയാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. ഭരണഘടനയും സുപ്രിംകോടതിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

'ഈയാളുകളെ ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഇളക്കിവിടുകയാണ്. ഒരു വീട്ടിൽ രണ്ടു നിയമമുണ്ടെങ്കിൽ വീട് നടന്നുപോകുമോ? അപ്പോൾ പിന്നെ രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുമ്പോട്ടു പോകും? ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ (പ്രതിപക്ഷം) വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്'- എന്നായിരുന്നു മോദിയുടെ പ്രസ്താവന.

'സ്വന്തം ലാഭത്തിനു വേണ്ടി തങ്ങളെ ഇളക്കി വിടുന്നവരെ മുസ്‌ലിംകൾ മനസ്സിലാക്കണം. ഞങ്ങൾ ഭരണഘടനയ്ക്ക് അകത്തു നിന്നാണ് പ്രവർത്തിക്കുന്നത്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനും നടപ്പാക്കാനും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതു കൊണ്ടുവരും. സമൂഹനീതിയുടെ പേരിൽ വോട്ടു തേടുന്നവർ ഗ്രാമങ്ങളോടും ദരിദ്രവിഭാഗങ്ങളോടും വലിയ അനീതിയാണ് ചെയ്തിട്ടുള്ളത്.' - മോദി ആരോപിച്ചു.



രാഷ്ട്രീയ പ്രീണനമല്ല ബിജെപിയുടെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഞങ്ങളുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. പാർട്ടിയേക്കാൾ വലുതാണ് ഞങ്ങളുടെ മുൻഗണന. രാജ്യമാണ് ആദ്യം. രാജ്യത്തിന് നന്മയുണ്ടാകുമ്പോൾ അത് പാർട്ടിക്കുമുണ്ടാകും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. രാഷ്ട്രീയ പ്രീണനത്തിന്റെ പിന്നാലെ പോകില്ലെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് നന്മ ചെയ്യുന്നത് പ്രീണനമല്ല, സംതൃപ്തിയാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളിൽനിന്നും പൊതുജനങ്ങളിൽനിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21-ാം നിയമ കമ്മിഷൻ ഈയിടെ ഉത്തരവിറക്കിയിരുന്നു. മുപ്പത് ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.



സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. ഇവകളിൽ മതാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

Similar Posts