കെടാവിളക്ക് സ്‌കോളർഷിപ്പ്; മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയത് ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയെന്ന് എസ്.ഐ.ഒ
|പദ്ധതിയിൽ ന്യൂനപക്ഷ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്‌കോളർഷിപ്പ് പദ്ധതി പുനക്രമീകരിക്കണം എന്നും എസ്.ഐ.ഒ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് മുസ്‌ലിം, ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിയിൽ ന്യൂനപക്ഷ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്‌കോളർഷിപ്പ് പദ്ധതി പുനക്രമീകരിക്കണം എന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിന്റെ വ്യത്യസ്ത സ്‌കോളർഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർത്ഥികളെ പൂർണമായും തഴയുമ്പോൾ സംസ്ഥാന സർക്കാരും സമാനമായ നിലപാടുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പാലോളി, സച്ചാർ കമ്മീഷൻ റിപ്പോർട്ട് ശിപാർശയുടെ മറവിൽ വംശീയ പ്രചരണങ്ങൾ നടക്കുകയും അതിനെ അംഗീകരിക്കുന്ന സ്വഭാവത്തിൽ അനുപാതങ്ങൾ പുതുക്കി നിശ്ചയിച്ചത് അടക്കം ഇടത് സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങൾ ന്യൂനപക്ഷ വിരുദ്ധവും പിന്നോക്ക വിദ്യാർത്ഥികളെ പ്രതിസന്ധിയിൽ തള്ളുന്നതുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു.
നേരത്തേ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സഹകരണത്തോടെ നടപ്പിലാക്കിയിരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പിൽ നിന്നും കേന്ദ്രം 9, 10 ക്ലാസ്സുകളിലേക്ക് മാത്രം ചുരുക്കിയ സാഹചര്യത്തിലാണ് കേരള സർക്കാർ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിദ്യാർഥികൾക്കായി പ്രതിവർഷം 1,500 രൂപ നിരക്കിൽ 'കെടാവിളക്ക്' സ്‌കോളർഷിപ്പ് പദ്ധതി പുതുതായി ഈ വർഷം ആരംഭിച്ചത്.
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ഒക്ടോബർ മാസത്തിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളിലെ OEC, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടുന്ന OBC (H) വിഭാഗത്തിലെ വിദ്യാർത്ഥികൾ എന്നിവർ സ്‌കോളർഷിപ്പിനായി അപേക്ഷിക്കേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പിന്നാക്ക വികസന വകുപ്പ് തയാറാക്കിയ പദ്ധതിയായതിനാലാണ് ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് എന്നതാണ് സർക്കാർ ന്യായം. സംസ്ഥാന സർക്കാർ തന്നെ തയ്യാറാക്കിയ പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റിൽ മുസ്ലിംകളും ചില ക്രിസ്ത്യൻ വിഭാഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നത് കൊണ്ട് തന്നെ സർക്കാർ ന്യായം തീർത്തും അപഹാസ്യപരമാണ്.
പ്രീമെട്രിക് സ്‌കോളർഷിപ്പിനേക്കാൾ ആനുകൂല്യവും വാർഷിക വരുമാനവും വർധിപ്പിച്ചു കൊണ്ട് നടപ്പിലാക്കുന്ന 'കെടാവിളക്ക്' പദ്ധതിയിൽ മുഴുവൻ പിന്നാക്ക വിഭാഗങ്ങളെയും നിരുപാധികം ഉൾപ്പെടുത്താൻ സർക്കാർ സന്നദ്ധമാവണം. മുസ്ലിം പിന്നാക്ക വിഭാഗങ്ങളോട് തുടർന്നു കൊണ്ടേയിരിക്കുന്ന സർക്കാരിന്റെ കടുത്ത അനീതി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ മൂല്യങ്ങൾക്ക് കോട്ടം വരുത്തുന്നതുമാണ് എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.