മുസ്ലിം പ്രീണനം എന്ന സംഘ്പരിവാർ നുണയെ മൗനം കൊണ്ട് സർക്കാര് പിന്താങ്ങുന്നു: എസ്.ഐ.ഒ പ്രതിഷേധ സംഗമം
|സമുദായമാണ് താത്പര്യമെങ്കിൽ വെള്ളാപള്ളി സംസാരിക്കേണ്ടത് പ്രാതിനിധ്യ രാഷ്ട്രീയമാണ് അല്ലാതെ പിന്നാക്ക സമുദായങ്ങളെ ഭിന്നിപ്പിക്കാൻ സംഘ്പരിവാർ പടച്ചുണ്ടാക്കുന്ന മുസ്ലിം പ്രീണനമെന്ന ഇസ്ലാമോഫോബിക് പെരും നുണയല്ലെന്നും പ്രക്ഷോഭസംഗമം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: മുസ്ലിം പ്രീണനം എന്ന സംഘ്പരിവാർ നുണയെ മൗനംകൊണ്ട് സർക്കാർ പിന്താങ്ങുകയാണെന്നും അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും എസ്.ഐ.ഒ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. സമുദായമാണ് താത്പര്യമെങ്കിൽ വെള്ളാപള്ളി സംസാരിക്കേണ്ടത് പ്രാതിനിധ്യ രാഷ്ട്രീയമാണ് അല്ലാതെ പിന്നോക്കമായ സമുദായങ്ങളെ ഭിന്നിപ്പിക്കാൻ കാലങ്ങളായി സംഘ്പരിവാർ പടച്ചുണ്ടാക്കുന്ന മുസ്ലിം പ്രീണനമെന്ന ഇസ്ലാമോഫോബിക് പെരും നുണയല്ല. അത് ഈഴവ സമുദായത്തിന്റെ താൽപ്പര്യത്തിനും ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾക്കും എതിരാണ്.
മാറിമാറി വരുന്ന സർക്കാരുകൾ മുസ്ലിംകളെ പ്രീണിപ്പിക്കുകയാണ് എന്ന സംഘ്പരിവാർ നുണകൾക്കെതിരെ സർക്കാർ പുലർത്തുന്ന കുറ്റകരമായ മൗനം പ്രതിഷേധാർഹമാണ്. സംഘ്പരിവാറിന്റെ വംശീയ ആശയങ്ങൾക്കും വളർച്ചക്കും ഭരണകൂടം മൗനംകൊണ്ട് കൂട്ടുനിൽക്കുകയാണ്. അതിനെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങളും സമുദായങ്ങളും പൗരസമൂഹവും ഉണർന്നുപ്രവത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നജീബ് കാന്തപുരം എം.എൽ.എ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കെ.കെ ബാബുരാജ്, പ്രശാന്ത് ഈഴവൻ, ബിജു ഗോവിന്ദ്, സഫീർ ഖാൻ മന്നാനി, കെ.എ ശഫീഖ്, മാഗ്ലിൻ ഫിലോമിന, അഡ്വ റഹ്മാൻ ഇരിക്കൂർ, സഹൽ ബാസ്, സക്കീർ നേമം പ്രസംഗിച്ചു.