Kerala
Siraj article on Munambam waqf land
Kerala

മുനമ്പം വഖഫ് ഭൂമി തിരിച്ചുപിടിക്കണം; അനധികൃത കച്ചവടം നടത്തിയത് അന്വേഷിക്കണമെന്നും കാന്തപുരം വിഭാഗം

Web Desk
|
17 Nov 2024 7:21 AM GMT

വഖഫ് ഭൂമി അനധികൃതമായി കച്ചവടം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഒ.എം തരുവണ 'സിറാജ്' പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെടുന്നു.

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന് കാന്തപുരം വിഭാഗം. വഖഫ് ഭൂമി അനധികൃത കച്ചവടം നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നും സിറാജ് പത്രത്തിൽ ഒ.എം തരുവണ എഴുതിയ ലേഖനത്തിൽ പറയുന്നു. മുനമ്പത്തെ ഇരകൾക്ക് നീതി കിട്ടണം. എന്നാൽ സമുദായത്തിന്റെ വഖഫ് ഭൂമി തിരിച്ചുകിട്ടണം. വഖഫ് ഭൂമി വിറ്റവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. മുനമ്പം വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന് സമസ്ത ഇ.കെ വിഭാഗവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വഖഫ് ഭൂമിയുടെ ആധാരവും കൊണ്ട് രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു രജിസ്ട്രാറും വിൽപ്പനാധാരം ചെയ്തു കൊടുക്കുകയില്ല. മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകൾക്ക് എങ്ങനെയാണ് വഖഫ് ഭൂമി രജിസ്റ്റർ ചെയ്തുകിട്ടിയതെന്ന് അന്വേഷിക്കണം. വഖഫ് ഭൂമിയുടെ അനധികൃത കച്ചവടത്തിൽ മറ്റു പലർക്കും പങ്കുണ്ട്. ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടാവാമെന്നും ലേഖനത്തിൽ പറയുന്നു.

മുസ്‌ലിം ലീഗിനെതിരെയും ലേഖനത്തിൽ വിമർശനമുണ്ട്. വഖ്ഫ് ഭൂമിയിൽ മാത്രമല്ല; വഖ്ഫ് ബോർഡിലും ചില 'കുടികിടപ്പുകാർ' ഉണ്ടായിരുന്നു. അവരും അവരുടെ പാർട്ടിയും മാത്രമേ വഖഫ് ബോർഡിന്റെ അകം കാണൂ എന്നായിരുന്നു ഇവരുടെ വിചാരം. മാറിമാറി വന്ന സർക്കാറുകളും വഖഫ് എന്നാൽ ഈ കുടികിടപ്പുകാരുടെയും അവരുടെ പാർട്ടിയുടെയും സ്വന്തം കാര്യമായി കണ്ട് അവഗണിച്ചു. നിലാവുണ്ടായിരുന്നത് നേരാണ്, നേരം വെളുത്തതും നേരാണ്, നിസാർ കമ്മീഷൻ വന്നതും നേരാണ്, ബോർഡിന്റെ ഓഫീസിൽ 'അപരിചിതർ' വന്നതും നേരാണ്. ഇമ്മാതിരി പുതിയ കുറെ നേരുകളാണ് ഇപ്പോൾ സുനാമിയായി ആർത്തലച്ചു വന്നിരിക്കുന്നത്.

വഖഫ് അപഹർത്താക്കൾ പരിഭ്രാന്തരാണ്. വിറ്റതൊന്നും വഖഫായിരുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കുക, ആ കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടമുണ്ട്. സാമുദായിക സൗഹാർദം അപായപ്പെടുമെന്ന് ആശങ്കപ്പെടുന്നവരുടെ സ്വരപ്പകർച്ച ശ്രദ്ധിക്കുക, അതിൽ പേടിയുടെ ചുടുനിശ്വാസമുണ്ട്. തിരിമറി നടത്തിയവർ കോ ഓർഡിനേഷന്റെ മറവിൽ ചകിതരായി പതിയിരിക്കുന്നുണ്ട്. സമുദായം ജാഗ്രത പാലിക്കണം. ഇരകൾക്ക് നീതി കിട്ടിയേ പറ്റൂ. അതേ ഊക്കിൽ അതേ സ്വരത്തിൽ പറയുക. സമുദായത്തിന് അവരുടെ വഖഫ് സ്വത്തുക്കൾ തിരിച്ചുകിട്ടിയേ പറ്റൂ. രണ്ടും ഒരേ നീതിയുടെ രണ്ട് പുറങ്ങളാണ്, രണ്ടും പരിഗണിക്കപ്പെടണം. രണ്ടാമത്തേതിൽ ആരും ഉരുളരുത്. വഖഫ് വിറ്റുതുലച്ചവരെ നിഷ്‌കരുണം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇരകളെ മാന്യമായി പുനരധിവസിപ്പിക്കാൻ മതിയായത് ഇവരിൽ നിന്ന് പിടിച്ചെടുക്കണം. അതിനു കഴിയാതെ വന്നാൽ നിരപരാധികളെ സമുദായം സ്വന്തം ചെലവിൽ പുനരധിവസിപ്പിക്കണം. ഒടുവിൽ പറഞ്ഞത് നടപ്പാക്കുന്നതിനു മുമ്പ് അപഹർത്താക്കളെ നുള്ളിപ്പെറുക്കിയെടുത്ത് നിയമത്തിന് മുമ്പിൽ ഹാജരാക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.

Similar Posts