Kerala
Siraj Editorial against Vellappally
Kerala

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗം മുഖപത്രം

Web Desk
|
13 Jun 2024 2:58 AM GMT

മുസ്‌ലിംകൾ അനർഹമായി നേടിയത് എന്താണെന്ന് രേഖകൾവച്ച് വെള്ളാപ്പള്ളി തെളിയിക്കണമെന്നും 'സിറാജ്' എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

കോഴിക്കോട്: മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗം മുഖപത്രമായ 'സിറാജ്'. നവോഥാന സമിതിയിൽനിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം. മുസ്‌ലിംകൾ അനർഹമായി നേടിയത് എന്താണെന്ന് രേഖകൾവച്ച് വെള്ളാപ്പള്ളി തെളിയിക്കണമെന്നും 'സിറാജ്' എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

കേരള ജനസംഖ്യയുടെ ഏതാണ്ട് 27 ശതമാനമാണ് മുസ്‌ലിംകൾ. അധികാരത്തിൽ, അവസരത്തിൽ, തൊഴിലിൽ, പാർട്ടി പദവികളിൽ, സാമൂഹിക നീതിയിൽ തുടങ്ങി ഒരിടത്തും സമുദായത്തിൽ അർഹിക്കുന്ന പങ്കാളിത്തം ലഭിച്ചിട്ടില്ല. കൈയിലുള്ളത് നഷ്ടപ്പെട്ട അനുഭവം പറയാനുമുണ്ട്. കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് കേരളത്തിൽ സവർണ സംവരണം നടപ്പാക്കിയപ്പോൾ നഷ്ടം സംഭവിച്ചത് മുസ്‌ലിംകൾക്കാണ്. ലോക്‌സഭാ, രാജ്യസഭ, സംസ്ഥാന നിയമസഭ ഇവിടെയൊന്നും സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഇന്നോളം കിട്ടിയിട്ടില്ല. ഇത് ചോദിക്കുന്നവരെ വർഗീയമായി ചാപ്പയടിക്കാനാണ് പലരും ശ്രമിച്ചത്. ജാതിയും മതവും നോക്കി സീറ്റുകൾ വീതംവെക്കുന്ന പാർട്ടികൾക്ക് പോലും മുസ്‌ലിംകളുടെ കാര്യത്തിൽ നിഷേധ നിലപാടാണെന്നും എഡിറ്റോറിയൽ പറയുന്നു.

മുസ്‌ലിംകൾക്ക് സർക്കാർ സർവീസിൽ ഉൾപ്പെടെ ഉണ്ടായ അവസരനഷ്ടം വലുതാണ്. അത് ഇനിയും നികത്തപ്പെട്ടിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന കോച്ചിങ് സെന്റർ ഫോർ മുസ് ലിം യൂത്ത് പിന്നീട് കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് ആയി മാറിയതും പ്രവേശനത്തിലെ 80:20 അനുപാതം അട്ടിമറിക്കപ്പെട്ടതും ആരും മറന്നിട്ടില്ല. ഇതെല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകുന്ന ഒരു സമുദായത്തെയാണ് വെള്ളാപ്പള്ളി കുത്തിനോവിക്കുന്നത്.

മുസ്‌ലിംകൾക്ക് അത് അവഗണിക്കാവുന്നതേയുള്ളൂ. ഇതേക്കാൾ കടുത്ത വർഗീയ പ്രചാരണങ്ങളെ സമുദായം അവഗണിച്ചിട്ടുണ്ട്. പക്ഷേ, സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ചിലത് ചെയ്യാനുണ്ട്. ജനങ്ങൾക്കിടയിൽ വർഗീയത വളർത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്. ഇത് നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. പൊലീസ് വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ കേരളത്തിന് ഒരു വെള്ളാപ്പള്ളിയുടെ ആവശ്യമില്ലെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

Similar Posts