Kerala
sisa thomas,ktu
Kerala

'ചട്ടലംഘനം നടത്തിയിട്ടില്ല'- കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി സിസ തോമസ്

Web Desk
|
22 March 2023 6:30 PM GMT

അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയിരുന്നത്

തിരുവനന്തപുരം: സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി കെ.ടി.യു താൽകാലിക വി.സി സിസ തോമസ്. താൻ ചട്ടലംഘനം നടത്തിയിട്ടില്ല. ഗവർണറുടെ നിർദേശപ്രകാരമാണ് വിസി സ്ഥാനം ഏറ്റെടുത്തത്. ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും സിസ തോമസ് മറുപടി നൽകി. ഈ മാസം 24ന് സർക്കാർ നൽകിയ നോട്ടീസിൻറെ കാലാവധി അവസാനിരിക്കെയാണ് മറുപടി നൽകിയത്.

കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിലക്കേർപ്പെടുത്തിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സിസാതോമസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ പറയുന്നതുപോലെ ക്രമവിരുദ്ധമായ നടപടി തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും സിസാ തോമസ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ചാൻസറുടെ അറിവോടുകൂടിയാണ് കെ.ടി.യു വിസിയായി ചുമതലയേറ്റത്. അതിനാൽ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ളവർക്ക് നടപടി സ്വീകരിക്കാനാവില്ലെന്നും സിസാ തോമസ് ഹരജിയിൽ പരാമർശിച്ചിരുന്നു.

അടുത്തിടെയാണ് സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയത്. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.

ചുമതല നൽകി ഉത്തരവിറക്കിയ ഗവർണർ ഉത്തരവിൻറെ പകർപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് സിസ അയച്ചിരുന്നു. വിശദീകരണം ലഭിച്ച ഉടൻ അച്ചടക്ക നടപടിയിലേക്ക് കടക്കാൻ ആയിരുന്നു സർക്കാരിൻറെ നീക്കം. എന്നാൽ ട്രൈബ്യൂണൽ വിധി അതിന് തിരിച്ചടിയായി. 23 ന് നടക്കുന്ന അടുത്ത ഹിയറിങ്ങിൽ സ്വീകരിക്കേണ്ട നയം സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയിരുന്നത്.

Related Tags :
Similar Posts