പൊലീസ് സുരക്ഷ ഉറപ്പുനല്‍കി; സിസ്റ്റർ ലൂസി നിരാഹാരം അവസാനിപ്പിച്ചു
|നിരാഹാരമാരംഭിച്ചതോടെ ഇലക്ട്രീഷ്യനുമായി മഠത്തിലെത്തിയ പൊലീസ് സ്വിച്ച് ബോർഡുകൾ നന്നാക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
മഠം അധികൃതർ ഉപദ്രവിക്കുന്നുവെന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുര നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് സുരക്ഷ ഉറപ്പ് നൽകുകയും തകർക്കപ്പെട്ട സ്വിച്ച് ബോർഡും വാതിലും നന്നാക്കുകയും ചെയ്തതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. വൈകുന്നേരം അഞ്ച് മണിക്കാരംഭിച്ച സമരം രാത്രി ഒമ്പതര വരെ നീണ്ടു.
സിസ്റ്റർ ലൂസി താമസിക്കുന്ന കാരയ്ക്കാമല മഠത്തിന് പുറത്ത് ബെഞ്ചിട്ട്, അതിൽ കിടന്നായിരുന്നു നിരാഹാര സമരം. മഠം അധികൃതരുടെ ഉപദ്രവങ്ങൾ സകല സീമകളും ലംഘിച്ചതായും പൊലീസ് ഇടപെടലിൽ തൃപ്തിയില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. അഞ്ച് ദിവസം മുമ്പ് താമസിക്കുന്ന റൂമിന്‍റെ വാതിൽ തകർക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയൊന്നുമെടുത്തില്ലെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു.
നിരാഹാരമാരംഭിച്ചതോടെ രാത്രി ഒമ്പതു മണിയോടെ ഇലക്ട്രീഷ്യനുമായി മഠത്തിലെത്തിയ പൊലീസ് സ്വിച്ച് ബോർഡുകൾ നന്നാക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ വൈകുന്നേരം അഞ്ചു മണിക്കാരംഭിച്ച സമരം രാത്രി ഒമ്പതരയോടെ സിസ്റ്റർ അവസാനിപ്പിച്ചു.