എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സീതാറാം യെച്ചൂരി
|സിപിഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും സി.പി.എം ജനറൽ സെക്രട്ടറി
കൊല്ലം: എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം ദക്ഷിണ മേഖല റിപ്പോർട്ടിൽ ആയിരുന്നു യെച്ചൂരിയുടെ പരാമർശം. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായി. എസ്.എൻ.ഡി.പി.യിലും സഹപ്രസ്ഥാനങ്ങളിലും സംഘപരിവാർ നുഴഞ്ഞുകയറി. എസ്.എൻ.ഡി.പി ശാഖായോഗങ്ങളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകികയറ്റുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു
വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണം. ചെറുപ്പക്കാരെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ എൽഡിഎഫിന് സാധിച്ചു. വരും നാളുകളിലും അതിന് സമാനമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.