Kerala
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ പിരിവ് അംഗീകരിക്കാനാകില്ലെന്ന് ശിവന്‍കുട്ടി
Kerala

റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ പിരിവ് അംഗീകരിക്കാനാകില്ലെന്ന് ശിവന്‍കുട്ടി

Web Desk
|
27 Aug 2021 3:50 AM GMT

ടോള്‍ പ്ലാസ സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഹൈവേ അതോറിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോള്‍ പിരിവിനെതിരെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സംസ്ഥാനസര്‍ക്കാര്‍. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ടോള്‍പിരിവ് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ടോള്‍ പ്ലാസ സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഹൈവേ അതോറിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ടോള്‍ പ്ലാസയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും.

കഴക്കൂട്ടം മുതല്‍ കോവളം വരെയുള്ള റോഡുപണി മാത്രമാണ് കഴക്കൂട്ടം- കാരോട് ബൈപ്പാസില്‍ പൂര്‍ത്തിയായത്. ടോൾ പിരിക്കുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയാണ് മന്ത്രി വി. ശിവൻകുട്ടി ടോൾ പ്ലാസ സന്ദർശിക്കാനെത്തിയത്. സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഹൈവേ അതോറിററ്റി പ്രതിനിധികളുമോയി ചര്‍ച്ച നടത്തി. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് നടത്തരുതെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നും അറിയിച്ചു.

അതേസമയം ടോള്‍ പിരിവിനെതിരെ എല്‍.ഡി.എഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തില്‍ ടോള്‍പ്ലാസയില്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. ഹൈവേ പ്രോജക്ടിന്‍റെ 50 ശതമാനം പോലും പൂർത്തിയാകാതെ ടോൾ പിരിവ് നടത്തരുതെന്നും ടോൾ പ്ലാസയുടെ ചുറ്റുവട്ടത്ത് താമസിക്കുന്നവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.



Similar Posts