സെക്രട്ടറിയേറ്റില്‍ തലച്ചോര്‍ ഉപയോഗിക്കുകയെന്നത് പാതകമാണെന്ന് ശിവശങ്കര്‍
|സസ്പെന്‍ഷനിലായ തനിക്ക് ശമ്പളം അനുവദിക്കാനായി അവധി ലഭിച്ചുവെന്ന പ്രചാരണത്തിന് പിന്നില്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ളവരെന്നും പരാമര്‍ശമുണ്ട്
സെക്രട്ടറിയേറ്റില്‍ തലച്ചോര്‍ ഉപയോഗിക്കുകയെന്നത് പാതകമാണെന്ന് ആത്മകഥയില്‍ എം. ശിവശങ്കർ ഐ.എ.എസ്. സസ്പെന്‍ഷനിലായ തനിക്ക് ശമ്പളം അനുവദിക്കാനായി അവധി ലഭിച്ചുവെന്ന പ്രചാരണത്തിന് പിന്നില്‍ സെക്രട്ടേറിയറ്റില്‍ നിന്നുള്ളവരെന്നും പരാമര്‍ശമുണ്ട്. വിവാദങ്ങള്‍ക്കിടെ ശിവശങ്കറിന്റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ആന ' പുറത്തിറങ്ങി.
വിവാദം തന്നിലേക്ക് തിരിഞ്ഞ ജൂലൈ അഞ്ചിനോ ആറിനോ തന്നെ അവധിക്ക് അപേക്ഷ നല്കി. എന്നാല്‍ സര്‍ക്കാര്‍ എന്ത് തീരുമാനം എടുത്തിരുന്നുവെന്ന് അറിയിച്ചിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ വാദം. 2020 ജൂലൈ 17 നായിരുന്നു സസ്പെന്ഷന്. പക്ഷേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവധി അപേക്ഷയില്‍ ഉത്തരവിറങ്ങിയത് അതിന് ശേഷം ജൂലൈ 20 നായിരുന്നു. ഈ ഉത്തരവ് പൊക്കി പിടിച്ച് സ്വര്‍ണകടത്ത് കേസില്‍ ആരോപണ വിധേയനായ തനിക്ക് ശമ്പളം ലഭിക്കുന്ന രീതിയില്‍ അവധി അനുവദിച്ചിരിക്കുന്നുവെന്നും സര്‍ക്കാരിന്റെ വഴിവിട്ട സഹായമാണെന്നും ആരോപണം ഉയര്‍ന്നു. മാധ്യമങ്ങള്‍ക്ക് പുറമേ കാള പെറ്റെന്ന് കേട്ടാലുടന്‍ ഫേസ് ബുക്ക് പോസ്റ്റ് ഇടുന്ന ബുദ്ധി ജീവികളും ആഘോഷിച്ചു. യഥാര്‍ത്ഥ്യത്തില്‍ അവധി അനുവദിക്കുന്ന സെഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചട്ടപ്പടി ഉത്തരവിറക്കിയതാണ് കാരണമെന്നാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നത്. തികച്ചും യാന്ത്രികമായി നടക്കുന്ന ഒരു പ്രക്രിയയില്‍ ആരും തലച്ചോര്‍ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ ശിവശങ്കര്‍ പരിഹസിക്കുകയും ചെയ്യുന്നു.
സെക്രട്ടറിയേറ്റില്‍ തലച്ചോര്‍ ഉപയോഗിക്കുകയെന്നതാണല്ലോ പാതകം. ആ വീഴ്ച അവര്‍ക്ക് സംഭവിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും നന്നായറിയാവുന്ന ആരോ ഒരാള്‍ അവധി ഉത്തരവിനെ ശമ്പളം തരാന്‍ സര്‍ക്കാര്‍ കാണിച്ച ഔദാര്യമല്ലേ എന്ന സംശയം ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി. ഇതിലൂടെ സസ്പെന്‍ഷനിലായെങ്കിലും സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനം ചെലുത്തി തനിക്ക് അനുകൂലമായി തീരുമാനം എടുപ്പിക്കാന്‍ കഴിയുമെന്ന് വരുത്തി തീര്‍ക്കാന്‍ കുറച്ച് സമയത്തേക്ക് എങ്കിലും കഴിഞ്ഞു. ഇത് പിന്നീട് അന്വേഷണ ഏജന്‍സികള്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഉപയോഗിച്ചു. ഇതിന് അടിത്തറ പാകുകയാരുന്നു ലക്ഷ്യമെന്ന സംശയവും ശിവശങ്കര്‍ പുസ്തകത്തില്‍ ഉന്നയിക്കുന്നു.