ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് ശിവശങ്കർ; ഇനി സുപ്രിംകോടതിയിലേക്ക്
|ശിവശങ്കർ മരണത്തിലേക്ക് നടന്നടുക്കുകയാണെന്നും ഏത് സമയവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഹരജിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
കൊച്ചി: ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ എം ശിവശങ്കർ പിൻവലിച്ചു. ഹരജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ഹരജി ശിവശങ്കർ പിൻവലിച്ചത്. ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് ശിവശങ്കർ പ്രതികരിച്ചു.
ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് എം.ശിവങ്കർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ആവശ്യം ജസ്റ്റിസ് രാജാ വിജയരാഘവന്റെ പ്രത്യേക ബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്. അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ച് പ്രത്യേക കോടതി ആവശ്യം തള്ളിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശിവശങ്കർ ഗുരുതരാവസ്ഥയിലാണെന്നും സർജറി ഉടൻ നടത്തേണ്ടി വരുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശിവശങ്കർ മരണത്തിലേക്ക് നടന്നടുക്കുകയാണെന്നും ഏത് സമയവും മരണപ്പെട്ടേക്കാമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവസാന പരിഹാരമെന്ന രീതിയിലാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.
എന്നാൽ, ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശിച്ചു. സുപ്രിംകോടതി വെക്കേഷൻ കഴിഞ്ഞ് തുറന്നു, പിന്നെന്തിനാണ് ഹൈക്കോടതി ഈ ഹരജിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചോദിച്ചു. സുപ്രിംകോടതിയിൽ ഈ മാസം 26നാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും അടിയന്തര പ്രാധാന്യം ഉണ്ടെങ്കിൽ വേഗം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. തുടർന്നാണ് ശിവശങ്കർ ഹരജി പിൻവലിച്ചത്.