Kerala
ശിവശങ്കറിന്റെ ജാമ്യഹരജി തള്ളിയത് സർക്കാറിനും അന്വേഷണ ഏജൻസിക്കും സ്വപ്നക്കും തിരിച്ചടിയാകും
Kerala

ശിവശങ്കറിന്റെ ജാമ്യഹരജി തള്ളിയത് സർക്കാറിനും അന്വേഷണ ഏജൻസിക്കും സ്വപ്നക്കും തിരിച്ചടിയാകും

Web Desk
|
14 April 2023 1:39 AM GMT

ഹൈക്കോടതി വിധിയോടെ സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സമ്മർദം ഇഡിയിലും വർധിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹരജി തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സർക്കാറിനും അന്വേഷണ ഏജൻസിക്കും സ്വപ്ന സുരേഷിനും ഒരുപോലെ തിരിച്ചടിയുണ്ടാക്കും. മുഖ്യമന്ത്രിയും ഭരിക്കുന്ന പാർട്ടിയുമായുള്ള ശിവശങ്കറിന്റെ അടുത്ത ബന്ധം ജാമ്യം നൽകാതിരിക്കാനുള്ള കാരണമായി കോടതി കണക്കാക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത കൂടി സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്.

ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടിൽ ശിവശങ്കറിൻറെ പങ്ക് അക്കമിട്ട് നിരത്തുന്നുണ്ട് ഹൈക്കോടതി.കോഴയായി ലഭിച്ച പണം സുരക്ഷിതമായി സൂക്ഷിക്കാൻ സ്വപ്നക്കൊപ്പം ചേർന്ന് ലോക്കർ തുറന്നത് മുതൽ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ശിവശങ്കർ നടത്തിയ വാട്‌സ് അപ്പ് ചാറ്റ് വരെ കോടതി വിധിയിൽ ഉദ്ധരിക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന ശിവശങ്കറിന്‍റെ വാദവും കോടതി തള്ളിക്കളയുകയാണ്.

ഇതിനൊപ്പം തന്നെയാണ് ശിവശങ്കറിൻറെ ഉന്നതതല ബന്ധവും കോടതി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയും ഭരിക്കുന്ന പാർട്ടിയുമായുള്ള ശിവശങ്കറിൻറെ അടുത്ത ബന്ധം ജാമ്യം നൽകാതിരിക്കാനുള്ള കാരണമായി കോടതി കണക്കാക്കുന്നുണ്ട്. വളരെ ഗുരുതരായ കുറ്റം ചുമത്തപ്പെട്ടിട്ടും ശിവശങ്കറിന് സർവ്വീസിൽ തിരികെ കയറാൻ കഴിഞ്ഞതാണ് തെളിവ് നശിപ്പിക്കുമെന്ന ഇഡി വാദത്തിന് ബലം പകരാനായി കോടതി പറയുന്നത്.ഇത് സംസ്ഥാനസർക്കാരിനെ സംബന്ധിച്ച് തിരിച്ചടിയുണ്ടാക്കുന്നതാണ്.

അതേസമയം, തന്നെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി ഇടപെടുന്നു എന്ന എൽഡിഎഫ് ആരോപണത്തിന് ബലം പകരുന്ന ചില പരാമർശങ്ങൾ കൂടിയുണ്ട് വിധിയിൽ. കോഴ ഇടപാടിലെ സ്വപ്നയുടെ പങ്കിന് വ്യക്തമായി തെളിവ് ഉണ്ടായിട്ടും എന്ത് കൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യം ഇടത് മുന്നണി ആരോപണത്തിന് കരുത്ത് നൽകുന്നതാണ്. ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കം മുന്നണി നേതാക്കൾ നടത്തിയേക്കും.ഹൈക്കോടതി വിധിയോടെ സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സമ്മർദം ഇ.ഡിയിലും വർധിക്കും. അതേസമയം, ജാമ്യ ഹരജി തള്ളിയതോടെ മേൽക്കോടതിയെ സമീപിക്കാനാണ് ശിവശങ്കറിൻറെ ആലോചന.


Similar Posts