Kerala
m sivasankar

എം.ശിവശങ്കര്‍

Kerala

ലൈഫ് മിഷൻ കോഴ; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Web Desk
|
20 Feb 2023 1:35 AM GMT

ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും.

ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെയും മൊഴികൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം കോടതിയെ ബോധ്യപ്പെടുത്തും. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിൽ വ്യക്തത വരുത്താൻ ശിവശങ്കറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും. നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.



കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിന്‍റെ വാദം. രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്.



സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇ.ഡി ശിവശങ്കറിനെ ചോദ്യംചെയ്തത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇ.ഡി ചോദ്യംചെയ്തിരുന്നു.

Similar Posts