Kerala
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറ് മരണം
Kerala

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറ് മരണം

Web Desk
|
1 Jan 2023 4:20 AM GMT

മലപ്പുറം റീജണൽ കോളജിലെ വിദ്യാർഥി മിൽഹാജാണ് ഇടുക്കിയിൽ മരിച്ചത്. ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറുപേർ മരിച്ചു. ഇടുക്കിയിൽ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. മലപ്പുറം സ്വദേശിയായ മിൽഹാജാണ് മരിച്ചത്. വളാഞ്ചേരി റീജിണൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ബസിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മിൽഹാജിനെ ഇന്ന് രാവിലെയാണ് പുറത്തെടുത്തത്.



തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. നാൽപതോളം പേർക്ക പരിക്കേറ്റു. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴയിൽ പൊലീസ് വാഹനമിടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്‌സ് എന്നിവരാണ് മരിച്ചത്. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ വാഹനമാണ് ഇടിച്ചത്. പൊലീസ് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.



പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. പുതുവത്സരം ആഘോഷിക്കാൻ ആലപ്പുഴയിലെത്തിയതായിരുന്നു യുവാക്കൾ. ബീച്ചിൽ നിന്നും കോട്ടയത്തേക്ക് സ്വന്തം വാഹനത്തിൽ മടങ്ങും വഴിയാണ് അപകടമുണ്ടായത്. തലവടി എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. ഡി.വൈ.എസ്.പിയെ വീട്ടിലാക്കിയ ശേഷം തിരിച്ചുപോവുകയായിരുന്നു പൊലീസ് ജീപ്പ്. യുവാക്കൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

പത്തനംതിട്ടയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേരാണ് മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ശ്യാം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അരുൺകുമാർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.

അടൂർ ഏനാത്ത് നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഏനാത്ത് സ്വദേശിയായ തുളസീധരനാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയാണ് രണ്ട് അപകടങ്ങളും നടന്നത്.

Similar Posts