Kerala
കെ കെ ശൈലജയെ ഒഴിവാക്കരുതെന്ന് സിപിഎം യോഗത്തില്‍ ആവശ്യപ്പെട്ടത് ആറ് പേര്‍
Kerala

കെ കെ ശൈലജയെ ഒഴിവാക്കരുതെന്ന് സിപിഎം യോഗത്തില്‍ ആവശ്യപ്പെട്ടത് ആറ് പേര്‍

Web Desk
|
18 May 2021 10:04 AM GMT

കെ കെ ശൈലജയെ മാറ്റരുതെന്ന് എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

കെ കെ ശൈലജ രണ്ടാമതും മന്ത്രിയാകേണ്ടെന്ന അപ്രതീക്ഷിത ട്വിസ്റ്റുമായാണ് സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചത്. ശൈലജയുടെ രണ്ടാമൂഴം സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഭിന്നാഭിപ്രായമുണ്ടായി.

കെ കെ ശൈലജയെ മാറ്റരുതെന്ന് ആവശ്യപ്പെട്ടവരില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനുമുണ്ട്. അനന്തഗോപൻ, സൂസൻ കോടി, സതീദേവി, സുജാത, പി രാജേന്ദ്രൻ എന്നിവരും സമാന നിലപാട് സ്വീകരിച്ചു. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ മറുപടി. പാര്‍ട്ടി വിപ്പായി കെ കെ ശൈലജയെ തീരുമാനിച്ചു.

കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പിബി അംഗം ബൃന്ദ കാരാട്ട് അതൃപ്തി പ്രകടിപ്പിച്ചു. ഉത്തരവാദിത്തം തീരുമാനമെടുത്തവര്‍ക്ക് എന്നാണ് ബൃന്ദ കാരാട്ട് പ്രതികരിച്ചത്.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന എം എം മണി, ടി പി രാമകൃഷ്ണന്‍. എ സി മൊയ്തീന്‍ എന്നിവര്‍ക്ക് രണ്ടാമൂഴം നല്‍കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യാന്തര പ്രശംസ നേടിയ കെ കെ ശൈലജയ്ക്ക് രണ്ടാമൂഴം നല്‍കുമെന്നായിരുന്നു ഇന്നലെ വരെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ന് സംസ്ഥാന സമിതി ചേര്‍ന്ന് തീരുമാനിച്ചത് പത്ത് പുതിയ മന്ത്രിമാരെ.

മൂന്ന് വനിതാ മന്ത്രിമാരാണ് ഈ മന്ത്രിസഭയിലുള്ളത്- സിപിഎമ്മില്‍ നിന്നും വീണ ജോര്‍ജ്, ആര്‍ ബിന്ദു, സിപിഐയില്‍ നിന്ന് ചിഞ്ചുറാണി

സിപിഎമ്മിന് 10 പുതിയ മന്ത്രിമാര്‍

എം വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ. എന്‍ ബാലഗോപാല്‍, പി. രാജീവ്, എന്‍ വാസവൻ, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, ആർ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്മാന്‍ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാര്‍. എം ബി രാജേഷ് സ്പീക്കറാകും.

Similar Posts