Kerala
ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ ലക്ഷ്യംവെയ്ക്കുന്നത് വി.ഡി.സതീശന്‍റെ മതേതര പ്രതിച്ഛായയെ: സത്താര്‍ പന്തലൂര്‍
Kerala

ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ ലക്ഷ്യംവെയ്ക്കുന്നത് വി.ഡി.സതീശന്‍റെ മതേതര പ്രതിച്ഛായയെ: സത്താര്‍ പന്തലൂര്‍

Web Desk
|
12 July 2022 2:32 AM GMT

'വർഗീയ ശക്തികൾക്ക് വലിയ വളക്കൂറുള്ള പുതിയ കാലത്ത് വി.ഡി സതീശൻ തീർക്കുന്ന രാഷ്ട്രീയ പ്രതിരോധം ബി.ജെ.പിയെ അലോസരപ്പെടുത്തുന്നത് സ്വാഭാവികം'

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പോലെയുള്ള നേതാക്കളിൽ മതേതര ജനാധിപത്യ സമൂഹത്തിനുള്ള പ്രതീക്ഷ ഏറെയാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തലൂര്‍. താൻ ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ഹൈന്ദവ വിശ്വാസിയാണെന്നും ഇതര മതസ്ഥരുടെ അവകാശത്തിനു നേരെ കയ്യുയർത്തുന്നവരെ തടയാൻ ഏറ്റവും മുമ്പിൽ താനുണ്ടാവുമെന്നും പ്രഖ്യാപിച്ചാണ് വി.ഡി സതീശൻ വർഗീയതക്കെതിരെ ഉറച്ച നിലപാടുകൾ എടുത്തിട്ടുള്ളത്. വർഗീയ ശക്തികൾക്ക് വലിയ വളക്കൂറുള്ള പുതിയ കാലത്ത് വി.ഡി സതീശൻ തീർക്കുന്ന രാഷ്ട്രീയ പ്രതിരോധം ബി.ജെ.പിയെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണെന്നും സത്താര്‍ പന്തലൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

സജി ചെറിയാൻ, എം.എസ് ഗോൾവൾക്കറുടെ "ബഞ്ച് ഓഫ് തോട്ട്സ് " വായിച്ചിട്ടാണ് അഭിപ്രായം പറയുന്നതെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആര്‍.എസ്.എസ് വി.ഡി സതീശനോട് ആവശ്യപ്പെട്ടത്. വി.ഡി സതീശൻ ഇക്കാര്യം അവജ്ഞയോടെ തള്ളിക്കളഞ്ഞു. കേസുമായി മുന്നോട്ടു പോകുന്നതിന് പകരം വി.ഡി സതീശനെ ആക്ഷേപിക്കാനും കരിവാരി തേക്കാനുമാണ് ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയതെന്നും സത്താര്‍ പന്തലൂര്‍ ചൂണ്ടിക്കാട്ടി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

മത രാഷ്ട്രം ലക്ഷ്യം വെയ്ക്കുന്നവർക്കിടയിൽ നിലവിൽ ഏക വിലങ്ങുതടിയായി രാജ്യത്ത് അവശേഷിക്കുന്നത് നമ്മുടെ മഹത്തായ ഭരണഘടന മാത്രമാണ്. വിവേചനവും പാർശ്വവൽക്കരണവും ഏറ്റുവാങ്ങുന്ന ജനലക്ഷങ്ങൾ അതുകൊണ്ടുതന്നെ ഭരണഘടനയെ പ്രാണവായുവായാണ് കാണുന്നത്. ഭരണഘടനക്കെതിരായ അബദ്ധ പരാമർശങ്ങളെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചത് ഏതെങ്കിലും ഒരു പക്ഷത്തിന്‍റെ വിജയമായല്ല കാണുന്നത്. മറിച്ച് യു.ഡി.എഫും എൽ.ഡി.എഫുമടങ്ങുന്ന കേരളീയ ജനാധിപത്യ സമൂഹത്തിന്‍റെ ജാഗ്രതയുടെ അടയാളപ്പെടുത്തലാണ്.

ഭരണഘടന, ദേശീയ പതാക, ദേശീയഗാനം എന്നിവയോടൊക്കെ ഉള്ളിൽ വിയോജിപ്പ് സൂക്ഷിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. സജി ചെറിയാൻ, എം.എസ് ഗോൾവൾക്കറുടെ "ബഞ്ച് ഓഫ് തോട്ട്സ് " വായിച്ചിട്ടാണ് അഭിപ്രായം പറയുന്നതെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന വരാൻ കാരണമതാകാം. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യം ആർ.എസ്.എസ് ഉയർത്തിയത് വി.ഡി സതീശൻ അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പ്രസ്താവന ഏതെങ്കിലും തരത്തിൽ തന്നെ മുറിപ്പെടുത്തിയതായി സജി ചെറിയാൻ ഇതുവരെ പറഞ്ഞിട്ടില്ല എന്നത് ആശങ്കപ്പെടുത്തുന്നതുമാണ്.

വി.ഡി.സതീശന്‍റെ ഉറച്ച നിലപാടിനെ തുടർന്ന് കേസുമായി മുന്നോട്ടു പോകുന്നതിന് പകരം അദ്ദേഹത്തെ ആക്ഷേപിക്കാനും കരിവാരി തേക്കാനും ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്. വി.ഡി.സതീശന്‍റെ മതേതര പ്രതിച്ഛായയെ ആണ് അവർ ലക്ഷ്യം വെക്കുന്നത്.

ഹിന്ദു വിശ്വാസവും ചിരപുരാതനമായ അതിന്‍റെ വൈവിധ്യങ്ങളും രാഷ്ട്രീയ ആയുധമാക്കിയാണ് ബി.ജെ.പി വേരുകൾ പടർത്തുന്നത്. എന്നാൽ സംഘപരിവാറിന്‍റെ ഹിന്ദുത്വയല്ല യഥാർത്ഥ ഹൈന്ദവ ധർമ്മമെന്നും ഭരിക്കേണ്ടത് ഹിന്ദുത്വയല്ലെന്നും രാഹുൽ ഗാന്ധി ഈയിടെ വ്യക്തമാക്കിയിരുന്നു. സമാനമായി താൻ ക്ഷേത്രാരാധനയിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ഹൈന്ദവ വിശ്വാസിയാണെന്നും ഇതര മതസ്ഥരുടെ ഇതിനുളള അവകാശത്തിനു നേരെ കയ്യുയർത്തുന്നവരെ തടയാൻ ഏറ്റവും മുമ്പിൽ താനുണ്ടാവും എന്ന് പ്രഖ്യാപിച്ചാണ് വി.ഡി സതീശൻ കേരളത്തിൽ വർഗീയതക്കെതിരെ ഉറച്ച നിലപാടുകൾ എടുത്തു പോന്നിട്ടുള്ളത്. വർഗീയ ശക്തികൾക്ക് വലിയ വളക്കൂറുള്ള പുതിയ കാലത്ത് വി.ഡി സതീശൻ തീർക്കുന്ന രാഷ്ട്രീയ പ്രതിരോധം ബി.ജെ.പിയെ വളരെയേറെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണ്.

സംഘപരിവാർ തന്നെ ആരോപണവുമായി വരുന്ന സാഹചര്യത്തിൽ പ്രഥമ ദൃഷ്ട്യാ ഉദ്ദേശ്യം വ്യക്തമാണ്. സംഘപരിവാർ അജണ്ടകൾക്കെതിരെ വി.ഡി സതീശനെ പോലെയുള്ള ലക്ഷ്യവേധിയും പ്രഹര ശേഷിയുമുള്ള ജന നേതാക്കളിൽ മതേതര ജനാധിപത്യ സമൂഹത്തിനുള്ള പ്രതീക്ഷകൾ വളരെയേറെയാണ്.

Similar Posts