കര്‍ണാടകയിലെ ഹിജാബ് പ്രസംഗം നന്നായിരുന്നു, കോഴിക്കോട്ടുകാരുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയല്ലേ? സത്താര്‍ പന്തല്ലൂര്‍
|കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിജാബ് വിലക്കിന്‍റെ പശ്ചാത്തലത്തിലാണ് ചോദ്യം.
കർണാടക സർക്കാരിന്‍റെ ഹിജാബ് വിരുദ്ധ നിലപാടിനെതിരെ സുപ്രിംകോടതിയിൽ വാദം നടക്കുമ്പോള്‍ ഇക്കാര്യത്തിൽ കേരള സർക്കാരിന്‍റെ നിലപാട് എന്താണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നു. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിജാബ് വിലക്കിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ചോദ്യം.
മുഖ്യമന്ത്രി പിണറായി വിജയന്‍ കർണാടകയിൽ പോയി ഹിജാബ് വിഷയത്തിൽ നടത്തിയ പ്രസംഗം നന്നായിരുന്നു. അവിടെ അതിലപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനില്ല. പക്ഷെ കോഴിക്കോട് അങ്ങനെയല്ലല്ലൊ. കോഴിക്കോട്ടുകാരുടെയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണല്ലോയെന്ന് സത്താര്‍ പന്തല്ലൂര്‍ കുറിച്ചു.
പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ ഒരു പെൺകുട്ടി ടി.സി വാങ്ങി. സ്കൂൾ ഗേറ്റ് വരെ തല മറച്ച് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗിൽ വെക്കേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ നിന്നും കേട്ടിരുന്നു. എന്നാൽ ഇത് കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിന് മുന്നിലും നിത്യ കാഴ്ചയായിരിക്കുന്നു. പെൺകുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡൻസ് സ്കൂളിൽ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോയെന്നും സത്താര്‍ പന്തല്ലൂര്‍ ചോദിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കർണാടകയിൽ പോയി ഹിജാബ് വിഷയത്തിൽ അവിടെ നടന്ന വർഗീയ രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ചുള്ള പ്രസംഗം നന്നായിരുന്നു. അവിടെ അതിലപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനുമില്ല. പക്ഷെ കോഴിക്കോട് അങ്ങിനെയല്ലല്ലൊ. കോഴിക്കോട്ട്കാരുടെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്നെയാണല്ലൊ. ഇവിടെ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ ഒരു പെൺകുട്ടിക്ക് ടി.സി വാങ്ങി സ്കൂളിന്‍റെ പടി ഇറങ്ങേണ്ടി വന്നു. കുട്ടിയുടെ രക്ഷിതാവുമായി ഇന്ന് രാവിലെ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു. സ്കൂൾ ഗേറ്റ് വരെ തല മറച്ച് വന്ന് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗിൽ വെക്കേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ നിന്നും കേട്ടിരുന്നു. എന്നാൽ ഇത് കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിന്‍റെ മുമ്പിലെ നിത്യ കാഴ്ചയായിരിക്കുന്നു.
ഇവിടെ പെൺകുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശം നിഷേധിക്കപ്പെടുകയാണ്. കർണാടക സർക്കാറിന്‍റെ ഹിജാബ് വിരുദ്ധ നിലപാടിനെതിരെ സുപ്രീം കോടതിയിൽ കേസിൽ വാദം കേൾക്കുന്ന ഈ സമയത്ത് പ്രത്യേകിച്ച് ഇക്കാര്യത്തിൽ കേരള സർക്കാറിന്‍റെ നിലപാട് എന്താണ്? സി.പി.എം സംസ്ഥാന സെക്രട്ടറി എന്ത് പറയുന്നു? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡൻസ് സ്കൂളിൽ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ?