'സാമൂഹ്യ നീതി' പ്രാവർത്തികമാക്കാൻ സർക്കാറിന് സാധിക്കട്ടെയെന്ന് സത്താർ പന്തലൂർ; വിമർശനവുമായി സമസ്ത അണികൾ
|കോൺഗ്രസിനെ വിമർശിച്ച സത്താർ എന്തുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാറിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണക്കുറവ് ചോദ്യം ചെയ്യാത്തത് എന്നാണ് പലരും ചോദിക്കുന്നത്.
രണ്ടാം പിണറായി സർക്കാറിന് ആശംസ നേർന്നുകൊണ്ടുള്ള സമസ്ത വിദ്യാർത്ഥി വിഭാഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തലൂരിന്റെ കുറിപ്പിനെതിരെ സമസ്ത അണികളിൽ നിന്ന് വിമർശം. 'ഇന്ന് ചുമതലയേൽക്കുന്ന കേരള സർക്കാറിന് അഭിനന്ദനങ്ങൾ. സാമൂഹ്യനീതിയും സമഗ്ര വികസനവും പ്രാവർത്തികമാക്കാൻ സാധിക്കട്ടെ.' എന്നാണ് സത്താർ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിലെ 'സാമൂഹ്യനീതി' എന്ന പരാമർശമാണ് വിവാദ കാരണം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് അർഹിച്ച പ്രാതിനിധ്യം ലഭിച്ചില്ല എന്ന തരത്തിലുള്ള സത്താറിന്റെ പോസ്റ്റ് യു.ഡി.എഫ് അനുഭാവികളായ സമസ്ത അനുകൂലികളെ പ്രകോപിപ്പിച്ചിരുന്നു. 'കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിംകൾ കടക്ക് പുറത്ത്' എന്ന തലക്കെട്ടോടെ സമസ്ത മുഖപത്രം സുപ്രഭാതം പുറത്തിറക്കിയ പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. ജനസംഖ്യയിൽ 26 ശതമാനമുള്ള മുസ്ലിംകൾക്ക് എട്ട് സീറ്റ് മാത്രമാണ് കോൺഗ്രസ് നൽകിയതെന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം.
ഇതിനെതിരെ മുസ്ലിം ലീഗ് അനുഭാവികൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികൾ കൂടി ഉൾപ്പെടുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ സമുദായ പ്രാതിനിധ്യം കൂടുതലുണ്ടാകുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ യു.ഡി.എഫിന്റെയത്ര മുസ്ലിം സാന്നിധ്യമുണ്ടാകില്ലെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിലെ സാമുദായിക പ്രാതിനിധ്യത്തെ പറ്റി സത്താർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞിരുന്നില്ല. മാർച്ച് 23-ന് മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ രീതിയെയും പരോക്ഷമായി വിമർശിച്ച് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു സമാനമായ രീതിയിലുള്ള പ്രചരണമാണ് കേരളത്തിൽ നടക്കുന്നതെന്നും, നേതാവിനെ അമാനുഷനായി അവതരിപ്പിക്കുന്ന ചിത്രങ്ങളും പെയ്്ഡ് ന്യൂസുകളും പരസ്യ തുകയ്ക്ക് നന്ദി കാണിക്കുന്ന മാധ്യമങ്ങളും ജനാധിപത്യത്തെ അട്ടിമറിച്ച് ജനഹിതം വഴിതിരിച്ചുവിടാനുള്ള തന്ത്രങ്ങളാണെന്നും സത്താർ കുറിച്ചു.
മുസ്ലിം പ്രാതിനിധ്യത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിച്ച സത്താർ എന്തുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാറിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണക്കുറവ് ചോദ്യം ചെയ്യാത്തത് എന്നാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്ന പലരും ചോദിക്കുന്നത്. 'പിണറായി മന്ത്രിസഭയിൽ ജാതി പ്രാതിനിധ്യം' എന്ന തലക്കെട്ടിൽ സുപ്രഭാതം പുറത്തിറക്കിയ പോസ്റ്ററും ചിലർ കമന്റായി ഇടുന്നുണ്ട്.
അതേസമയം, സത്താറിന് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.