മലബാറിനോടുള്ള അവഗണന പരിഹരിക്കാൻ ഇടത്, വലത് സർക്കാറുകൾ ശ്രമിച്ചില്ല; സീറ്റ് അനുവദിക്കുന്നത് ഔദാര്യമല്ല: മുസ്തഫ മുണ്ടുപാറ
|പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുണ്ടുപാറ പറഞ്ഞു.
കോഴിക്കോട്: മലബാറിനോടുള്ള അവഗണന പരിഹരിക്കാൻ ഇടത്, വലത് സർക്കാറുകൾ ശ്രമിച്ചില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. കുട്ടികൾക്ക് സീറ്റൊരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. സീറ്റ് അനുവദിക്കുന്നത് ഔദാര്യമല്ല. വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുണ്ടുപാറ പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ആർ.ഡി.ഡി ഓഫീസിന് മുന്നിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഭാഗത്തുനിന്ന് മലബാർ സംസ്ഥാനം വേണമെന്ന ആവശ്യമുയർന്നാൽ അതിനെ കുറ്റപ്പെടുത്താനാവില്ല. മലബാർ സംസ്ഥാനം വന്നാൽ എന്താണ് രാജ്യത്ത് സംഭവിക്കാൻ പോകുന്നത്? ഭരണാധികാരികൾ നീതി പാലിക്കാതിരിക്കുമ്പോഴാണ് രാജ്യം തകരുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരും ചെയ്യുന്നത് ഇതുതന്നെയാണ്. വീതംവെക്കുന്നിടത്ത് നീതി പാലിക്കണം. പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.