ജിഫ്രി തങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നോക്കിനിൽക്കാനാവില്ല: എസ്‌കെഎസ്എസ്എഫ്
|തനിക്ക് വധഭീഷണിയുണ്ടെന്ന ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിന് ശേഷം സമസ്തയുടെ ഭാഗത്ത് നിന്ന് വരുന്ന ആദ്യത്തെ പ്രതികരണമാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ചും സാമൂഹ്യമാധ്യങ്ങളിലൂടെയും അപകീർത്തിപ്പെടുത്തുന്നത് നോക്കിനിൽക്കാനാവില്ലെന്ന് സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ്. സാമുദായിക വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് സംഘടനാ പ്രവർത്തകർ മുന്നോട്ട് പോവുന്നത്. അതിൽ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
തനിക്ക് വധഭീഷണിയുണ്ടെന്ന ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിന് ശേഷം സമസ്തയുടെ ഭാഗത്ത് നിന്ന് വരുന്ന ആദ്യത്തെ പ്രതികരണമാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ. സി.എമ്മിന്റെ ഗതിയുണ്ടാവുമെന്ന് അടക്കം തനിക്ക് ഭീഷണി വരുന്നുണ്ടെന്നായിരുന്നു ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ. ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം ജിഫ്രി തങ്ങൾക്കെതിരായ ഭീഷണിക്ക് പിന്നിൽ ലീഗാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പാടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാനും വ്യക്തമാക്കി.