'തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും സംഘടനാ നിലപാടല്ല'; വ്യാജ ഫോൺ സന്ദേശവുമായി ബന്ധമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്
|ഏതെങ്കിലും സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്ന് സംഘടനയുടെ പേരിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങളും ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫും പറഞ്ഞു.
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ സംഘടനാ ലേബലിൽ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജമാണൈന്ന് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും വിജയിപ്പിക്കലോ പരാജയപ്പെടുത്തലോ സംഘടനാ നിലപാടല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫും പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
വ്യാജ ഫോൺ സന്ദേശവുമായി SKSSF സംഘടനക്ക് ബന്ധമില്ല
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ സംഘടനാ ലേബലിൽ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും വിജയിപ്പിക്കലോ പരാജയപ്പെടുത്തലോ സംഘടനാ നിലപാടല്ല. സംഘടന അത്തരം കാര്യങ്ങളിൽ ഇടപെടാറുമില്ല. അതുകൊണ്ട് ഇത്തരം വ്യാജ ഫോൺ സന്ദേശങ്ങളുമായി സംഘടനക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം ഫോൺ സന്ദേശങ്ങളിലോ മറ്റു വ്യാജപ്രചാരണങ്ങളിലോ ആരും വഞ്ചിതരാവരുത്.