ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ നേരിയ കുറവ്, 138.80 അടിയായി
|ആറ് സ്പിൽവേ ഷട്ടറുകളാണ് മുല്ലപ്പെരിയാറിൽ തുറന്ന നിലയിൽ ഉള്ളത്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 139 അടിയില്‍ നിന്ന് ജലനിരപ്പ് 138.80ത്തിലേക്കെത്തി. ഇപ്പോള്‍ സെക്കൻഡിൽ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. അതേസമയം റോഷി അഗസ്റ്റിന്‍റെയും പി പ്രസാദിന്‍റെയും നേതൃത്വത്തിലുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികൾ സംഘം വിലയിരുത്തും.
ആറ് സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നിരിക്കുന്നത്. ഇന്നലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒരടിയിലേറെ കൂടിയിരുന്നു. ആശങ്ക വേണ്ട, ജാഗ്രത മതിയെന്നാണ് പ്രദേശവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അറിയിപ്പ്. അതേസമയം മുല്ലപ്പെരിയാറില്‍ നിരീക്ഷണം ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പൂർണ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണത്തിന് ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആഴ്ച തോറും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രിം കോടതിയെയും മേൽനോട്ട സമിതയെയും അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 7000 ഘനയടി വെള്ളം തുറന്നു വിട്ടാൽ വേണ്ടി വരുന്ന മുൻകരുതലുകളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ നിലവിൽ കൂടുതൽ വെള്ളം തുറന്നുവിടുമോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല