'പി.എഫ്.ഐ റാലിയിലെ മുദ്രാവാക്യം സ്വയം വിളിച്ചത്, അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി
|ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയത്
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
'വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.കുട്ടി പറഞ്ഞു.
അതേസമയം, ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ഇപ്പോൾ മാത്രം എന്തിനാണ് പ്രശ്‌നം ഉണ്ടാക്കുന്നത് എന്ന് അറിയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയതെന്നും ഒളിവിൽ പോയില്ലെന്നും പിതാവ് പറഞ്ഞു.
നേരത്തെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളില്‍നിന്ന് ഇവരെ പിടികൂടിയത്.
കുട്ടിയെയും പിതാവിനെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവര്‍ ഒളിവില്‍ പോയതാണെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ പരിപാടി നടന്നതിന്‍റെ പിറ്റേദിവസം തന്നെ ടൂര്‍ പോയതായിരുന്നെന്നാണ് പിതാവിന്‍റെ വിശദീകരണം. വക്കീലിന്‍റെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയതെന്നും പിതാവ് പറഞ്ഞു.