കോവിഡും അടച്ചിടലും: ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ
|പലരും ലോണും ഉയർന്ന പലിശക്ക് പണം കടമെടുത്തുമാണ് മുമ്പോട്ടു പോയത്
സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിർമാണ വ്യവസായങ്ങൾ തകർച്ചയിൽ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികൾ പരാതിപ്പെടുന്നു.
പേപ്പർ, കുടിവെള്ളം, പ്ലാസ്റ്റിക് തുടങ്ങി ചെറുകിട നിർമാണ വ്യവസായങ്ങൾക്ക് ഓരോന്നായി താഴുവീഴുകയാണ്. കോവിഡിന്റെ ഒന്നാം തരംഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിന് മുമ്പേ രണ്ടാം തരംഗവും എത്തി. അടച്ചിടൽ മൂലം ഉണ്ടായ നഷ്ടം ഒരു വശത്ത്. അസംസ്കൃത വസ്തുക്കളുടെ വിലയാണെങ്കിൽ ദിനംപ്രതി കൂടുന്നു.
പലരും ലോണും ഉയർന്ന പലിശക്ക് പണം കടമെടുത്തുമാണ് മുമ്പോട്ടു പോയത്. വായ്പാ തിരിച്ചടവ് മുടങ്ങി. ബാങ്കുകൾ ലോൺ നിഷ്ക്രിയ ആസ്തി പരിധി ഒരു വർഷമെങ്കിലുമായി ഉയർത്തണമെന്ന് വ്യവസായികൾ ആവശ്യപ്പെടുന്നു.
തലസ്ഥാനത്തെ പ്രധാന വ്യവസായ കേന്ദ്രമാണ് സിഡ്കോയ്ക്ക് കീഴിലുള്ള പാപ്പനംകോട് വ്യവസായ എസ്റ്റേറ്റ്. ഇതിനോടകം പല കമ്പനികളും നഷ്ടം കാരണം നിർമാണം അവസാനിപ്പിച്ചു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനാവാതെ പൂട്ടിപ്പോയവയും നിരവധി.