സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം; കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ
|അദ്ദേഹത്തിൻ്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും നഷ്ടമാണ്
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സിപിഎമ്മിൻ്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.